ഇങ്ങനെയൊരു പ്രതികരണം അനിയത്തിയില്‍ ഉണ്ടാക്കാന്‍ എന്റെ കമന്റിനു കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനാകെ അസ്വസ്ഥയായി ! ആ നിര്‍ണായക തീരുമാനമെടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി തുറന്നു പറഞ്ഞ് സായി പല്ലവി

താന്‍ ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം സായി പല്ലവി.സ്വന്തം ജീവിതാനുഭവങ്ങളാണ് സൗന്ദര്യത്തെയും നിറത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടിലേയ്ക്ക് എത്തിച്ചതെന്നു വ്യക്തമാക്കിയ താരം തനിക്കിപ്പോഴും അത്തരം നിരവധി അരക്ഷിതാവസ്ഥകളുണ്ടെന്നും തുറന്നുപറഞ്ഞു. സ്വന്തം നിറം ഒരാളെ എങ്ങനെ വ്യക്തിപരമായി സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭത്തെക്കുറിച്ച് സായി പല്ലവി പറയുന്നതിങ്ങനെ…

‘എനിക്ക് ഏറ്റവും അടുപ്പമുള്ളവര്‍ എന്നു പറയുന്നത് എന്റെ അപ്പയും അമ്മയും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാള്‍ അല്‍പം നിറം കൂടുതലല്ലേ എന്നൊരു കോപ്ലക്‌സ് അവള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു കണ്ണാടിക്കു മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഇതു പറയും. അവള്‍ക്ക് ചീസ്, ബര്‍ഗര്‍ അതൊക്കെയാണ് ഇഷ്ടം. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ നിറം വയ്ക്കുമെന്ന്. അതു കേട്ട് അവള്‍ അതൊക്കെ കഴിക്കാന്‍ തുടങ്ങി. അവള്‍ക്ക് അതൊന്നും സത്യത്തില്‍ ഇഷ്ടമല്ല. പക്ഷേ, അവള്‍ ഇതൊക്കെ കഴിക്കാന്‍ തുടങ്ങിയത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നെക്കാള്‍ അഞ്ചു വയസിന് ഇളയതാണ് അവള്‍. ഇങ്ങനെയൊരു പ്രതികരണം അവളിലുണ്ടാക്കാന്‍ എന്റെ കമന്റിനു കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനാകെ അസ്വസ്ഥയായി,’ സായി പല്ലവി പറഞ്ഞു.

ഫെയര്‍നസ് ക്രീം പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം തനിക്ക് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച താരം തനിക്ക് ചുറ്റുമുള്ളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തമാക്കി. ‘ഇന്ത്യക്കാരുടെ നിറം ഇതാണ്. വിദേശികളുടെ നിറം അല്‍പം വെളുത്തതാണ്. അതു അവരുടെ നിറം. ദക്ഷിണാഫ്രിക്കയിലുള്ളവരുടെ നിറം അല്‍പം ഇരുണ്ടതാണ്. അതൊക്കെ അവരുടെ വംശപാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനര്‍ത്ഥം അവരൊന്നും ഭംഗിയില്ലാത്തവര്‍ എന്നല്ലല്ലോ,’ സായി പല്ലവി ചോദിക്കുന്നു. പ്രേമം എന്ന സിനിമയാണ് തന്റെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ചതെന്ന് താരം പറഞ്ഞു.

‘പ്രേമം ഞാന്‍ ചെയ്തിരുന്നില്ലെങ്കില്‍ ഞാനും എന്റെ മുഖക്കുരു മാറുന്നതിന് പലതരം ക്രീമുകള്‍ ഉപയോഗിച്ചു നോക്കുമായിരുന്നു. ഞാന്‍ പുരികം ത്രെഡ് പോലും ചെയ്തിരുന്നില്ല. ഒരു മെയ്ക്കപ്പ് പോലും ഇടാതെ, മുടിയൊന്നും സെറ്റ് ചെയ്യാതെ എങ്ങനെ ഒരു സിനിമയില്‍ നായികയായി അഭിനയിക്കാന്‍ പറയുന്നു എന്ന് ഞാന്‍ അല്‍ഫോന്‍സ് പുത്രനോടു ചോദിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇതൊക്കെ കാണുമോ? അവര്‍ എഴുന്നേറ്റ് പോകില്ലേ എന്നൊക്കെയായിരുന്നു എന്റെ ചോദ്യങ്ങള്‍. ആ സിനിമ ആദ്യമായി തിയറ്ററില്‍ കാണുമ്പോള്‍ ഞാന്‍ എന്റെ അമ്മയുടെ കൈ പിടിച്ച് ഞെരിച്ച് ഓരോന്നു പറയുകയായിരുന്നു, ദാ നോക്ക്, എന്നെ കാണാന്‍ ആണ്‍കുട്ടികളെപ്പോലെ ഇല്ലേ എന്നൊക്കെ,’ സായി പല്ലവി പറയുന്നു. പെണ്‍കുട്ടിയെന്ന പരിമിതിയുള്ള അരക്ഷിതാവസ്ഥകളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നും സായ് പല്ലവി വ്യക്തമാക്കി.

Related posts