മുഹമ്മ: രൂക്ഷമാകുന്ന കായൽ മണൽഖനനം വേമ്പനാട്ട് കായലിന്റെ ആവാസവ്യവസ്ഥയെ താളം തെറ്റിക്കുന്നു. ഇത് വേന്പനാട്ടു കായലിനെ ആശ്രയിക്കുന്ന കക്കാ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാഴ്ത്തുന്നു. ആലപ്പുഴ, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം മേഖലകളിലും കോട്ടയം ജിലയിലെ വെച്ചൂർ, കുമരകം, ടി.വി പുരം, വൈക്കം മേഖലകളിലുമായി ആയിരക്കണക്കിന് കുടുംബങ്ങൾ കക്കാസംസ്കരണ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്.
പുലർച്ചെ കായലിൽനിന്നു ശേഖരിക്കുന്ന കക്കാ, സംസ്കരിച്ച് വിൽപ്പന നടത്തിയാണ് ഈ കുടുംബങ്ങൾ അഷ്ടിക്ക് വക കണ്ടെത്തുന്നത്. വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഇവർ മുന്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് തണ്ണീർമുക്കം, കണ്ണങ്കര മേഖലയിൽ ആരംഭിച്ച കായൽ മണൽ ഖനനമാണ് കക്കാ – മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ണീരിലാഴ്ത്തിയത്.
ടോറസുകളിൽ നിരന്തരം മണ്ണു കൊണ്ടുപോകുന്ന പ്രക്രിയ മാസങ്ങൾ പിന്നിട്ടതോടെ കായലിലെ ആവാസവ്യവസ്ഥ തകിടം മറിഞ്ഞു. സുലഭമായി ലഭിച്ചിരുന്ന കക്കായും മത്സ്യവും കിട്ടാക്കനിയായി.
കായൽ കനിയുന്നില്ല
കായലിൽ പോയാൽ വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. മണൽ ഖനനം മൂലമുണ്ടാകുന്ന എക്കലും ചെളിയും ഒഴുക്കിൽപ്പെട്ട് കിലോമീറ്ററുകളോളം വ്യാപിക്കുന്നതാണ് കക്കായുടെയും മത്സ്യത്തിന്റെയും പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
തണ്ണീർമുക്കം ബണ്ട് അടച്ചിടുന്ന കാലയളവിൽ ബണ്ടിന്റെ തെക്കൻ മേഖലയിൽ നീരൊഴുക്ക് തടസപ്പെടും.
ഉപ്പു വെള്ളത്തിന്റെ കലർപ്പ് ഇല്ലാതെ വരുമ്പോഴാണ് മത്സ്യ പ്രജനനം തടസപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിൽ ബണ്ട് അടഞ്ഞുകിടന്നതിനാൽ കായലിൽ മത്സ്യസമ്പത്ത് വളരെ കുറവായിരുന്നു. ഇതിനിടെയാണ് കൂനിന്മേൽ കുരു പോലെ ദേശീയപാതയ്ക്കു വേണ്ടി മണൽ ഖനനം ആരംഭിച്ചത്.
പാതിരാമണൽദ്വീപിൽ മണൽക്കടത്ത്
പാതിരാമണൽ ദ്വീപിനു സമീപത്തായി സ്വകാര്യവ്യക്തികൾ നടത്തുന്ന മണൽ ഖനനവും കായൽ സമ്പത്തിന് തിരിച്ചടിയാണ്. കേവുവള്ളങ്ങളിലെത്തിയാണ് കായലിൽനിന്ന് മണൽ കോരുന്നത്. ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ പാതിരാമണൽ ദ്വീപിൽനിന്നുവരെ മണലെടുക്കുന്നുണ്ട്.
വർഷങ്ങളായി നടക്കുന്ന ഖനനം ദ്വീപിന്റെ വിസ്തൃതിയിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ദ്വീപിന് ചുറ്റും നിരീക്ഷണ കാമറകൾ സ്ഥാപിച്ചാൽ മണൽഖനനം തടയൻ കഴിയുമെങ്കിലും ബന്ധപ്പെട്ടവർ വർഷങ്ങളായി ഉറക്കം നടിക്കുകയാണ്.
