അന്വേഷണം ശരിയായ രീതിയിലല്ല! അന്വേഷണ സംഘത്തിലെ ഉന്നതനെ എന്തിന് മാറ്റിനിര്‍ത്തി; നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തില്‍ തൃപ്തിയില്ല; പ്രൊഫഷണല്‍ അന്വേഷണം വേണമെന്നു ഡിജിപി

SENKUMARതിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഡിജിപി ടി.പി.സെൻകുമാർ. തന്‍റെ അതൃപ്തി പരസ്യമാക്കി അദ്ദേഹം സർക്കുലർ പുറത്തിറക്കി.

ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയുടെ മേൽനോട്ടത്തിൽ നടക്കുന്ന നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപ് ഒരു കാര്യവും അറിയുന്നില്ല. കഴിഞ്ഞ ദിവസം ദിലീപ്, നാർദിർഷ, അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ്. അന്വേഷണ സംഘത്തിലെ മറ്റൊരു ഐജിയായ പി.വിജയനും ഇക്കാര്യങ്ങളൊന്നും അറിയുന്നില്ല. ഇത് ശരിയല്ലെന്നും കേസിൽ പ്രൊഫഷണൽ അന്വേഷണം വേണമെന്നുമാണ് ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുകയാണ്. ഇത് അന്വേഷണത്തെ ബാധിക്കുമെന്നും ഡിജിപി പറയുന്നു. അന്വേഷണത്തിനെതിരേ അതൃപ്തി അറിയിച്ച ഡിജിപിയുടെ സർക്കുലറിൽ പക്ഷേ എഡിജിപി സന്ധ്യയ്ക്കെതിരേ പരാമർശങ്ങളൊന്നുമില്ല. ഇന്ന് പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കേയാണ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വിമർശിച്ച് പോലീസ് മേധാവി തന്നെ രംഗത്തുവരുന്നത്.

തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഫോണ്‍ സംഭാഷണവും പൾസർ സുനി നൽകിയ കത്തും ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്കാണ് കൈമാറിയിരുന്നത്. അദ്ദേഹം ദിലീപ് നൽകിയ തെളിവുകളെല്ലാം ഐജി ദിനേന്ദ്ര കശ്യപിന് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഐജിയും സംഘവും ജയിലിലെത്തി സുനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകിയ കശ്യപിനെ കുറ്റപത്രം സമർപ്പിച്ച ശേഷം നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയപ്പോൾ മുതൽ ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് കേസിൽ കൂടുതൽ ആരോപണങ്ങളും പുതിയ വിവാദങ്ങളും ഉണ്ടായത്.

ദിലീപ് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണ സംഘത്തിലെ ഉന്നതനെ
മാറ്റിനിർത്തിയതിനെതിരേ പോലീസ് സേനയിലും അമർഷം ശക്തമാണ്. ദിലീപിനെ ചോദ്യം ചെയ്തതോടെ വൻ മാധ്യമശ്രദ്ധ ലഭിച്ച കേസിൽ ഡിജിപിയുടെ ആരോപണം പോലീസിന് വീണ്ടും തലവേദന സൃഷ്ടിക്കും. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡിജിപി സ്ഥാനത്ത് ഇന്ന് തിരിച്ചെത്തുന്ന ലോക്നാഥ് ബെഹ്റയുടെ തീരുമാനവും കേസിൽ നിർണായകമായേക്കും.

Related posts