പോലീസ് യജമാനനല്ല, ജനസേവകനാണെന്ന് ഓരോ പോലീസുകാരനും ഓര്‍ക്കണം, പുകവലിച്ചയാളെ എസ്‌ഐയുടെ മര്‍ദിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിജിപി, മയ്യില്‍ എസ്‌ഐ രാഘവന്‍ കാരണം നാണക്കേടിലായി കേരള പോലീസ്

പോലീസ് നടപടികണ്ട് ഒടുവില്‍ മുന്‍ ഡിജിപിയും ഞെട്ടിത്തരിച്ചു. പൊതുനിരത്തില്‍ പുകവലിച്ചയാളോടുള്ള പോലീസിന്റെ സമീപനം കണ്ടാണ് മുന്‍ ഡിജിപി ജേക്കബ് പൂന്നുസും ‘ഷോക്കി’ലായത്. ”പോലീസുകാരന്റെ ‘ഷോ’ കണ്ട് ഒരു സാധാരണ മനുഷ്യനെന്നനിലയില്‍ ഞാന്‍ ഷോക്കായി. പോലീസ് കുടുംബത്തിലെ അംഗമെന്ന നിലയിലും മുന്‍ സീനിയര്‍ പോലീസ് ഓഫീസര്‍ എന്നനിലയിലും ക്ഷമ ചോദിക്കുന്നു”വെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

പോലീസ് യജമാനനല്ല, മറിച്ച് ജനസേവകനാണെന്ന് ഒരോ പോലീസുകാരും ഓര്‍ക്കണമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.. ”വീഡിയോ കണ്ട് ദുംഖം തോന്നുന്നു. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന തിരക്കേറിയ റോഡിലാണ് ഈ സംഭവം. ഒരു ആവശ്യവും ഇല്ലാതെയാണ് പോലീസുകാരന്‍ ഇയാളെ അടിക്കുകയും തെറിപറയുകയും ചെയ്യുന്നത്. ആക്ഷന്‍ ഹീറോയുടെ ശരീരഭാഷയായിരുന്നു പോലീസുകാരന്. ഇത് ശരിയല്ല.

അയാള്‍ പിന്നോട്ട് ചുവടുവച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും എസ്‌ഐ വിടുന്നില്ല. മനോനില തെറ്റിയതുപോലെയും ക്രൂരവുമായിരുന്നു പോലീസുകാരന്റെ പ്രതികരണം” -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും ‘ മൃദുഭാവേ ദൃഡകര്‍മേ ‘ എന്ന പോലീസ് മുദ്രാവാക്യം മറന്നുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ പാടിക്കുന്നിലെ റോഡരികില്‍ പുകവലിച്ചയാളെ മയ്യില്‍ എസ്‌ഐ രാഘവന്‍ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. എസ്‌ഐ ഇയാളോട് പിഴയൊടുക്കാന്‍ ആവശ്യപ്പെടുന്നതും തയാറാകാതെ വന്നപ്പോള്‍ പിടിച്ചുതള്ളുന്നതുമാണ് മര്‍ദനമേറ്റയാളുടെ സുഹൃത്ത് മൊബൈല്‍ഫോണ്‍ വീഡിയോവില്‍ പകര്‍ത്തി സമുഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പോലീസ് നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നസാഹചര്യത്തില്‍ കൂടിയാണ് മുന്‍ ഡിജിപിയുടെ പോലീസിനെ കുറ്റപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നത്.

Related posts