സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ പങ്കെടുക്കാനുള്ള ചലച്ചിത്ര അക്കാദമിയുടെ ക്ഷണക്കത്ത് വൈകി ലഭിച്ചതിനെ പരിഹസിച്ച് നടന് ഷമ്മി തിലകന്. 25ന് നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരത്തിന്റെ ക്ഷണക്കത്ത് ഷമ്മി തിലകന് ഇന്നലെയാണ് ലഭിച്ചത്.
അടുത്ത വര്‍ഷത്തെ ചടങ്ങിനുള്ള ക്ഷണം ഇപ്പോഴേ അയച്ചിട്ടേക്കൂ എന്നും സാംസ്കാരിക കേരളം കണ്ണ് തുറക്കാന്‍ ഇനിയും കൊറിയര്‍ വരേണ്ടതുണ്ടോ എന്നും ഷമ്മി തിലകന് പരിഹസിച്ചു. വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല എന്നത് മുന്‍കൂട്ടി കണ്ട്, ചടങ്ങ് കഴിഞ്ഞ് മാത്രം വിളിക്കുന്ന ഈ ‘അഡ്വാന്‍സ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു എന്നും ഷമ്മി തിലകന് ഫേസ്ബുക്കില്‍ കുറിച്ചു.
ജനുവരി 25നായിരുന്നു 55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നടന്നത്. എന്നാല്‍ 29 ന് വൈകുന്നേരം 5.30നാണ് ഷമ്മി തിലകന് ചടങ്ങിനുള്ള ക്ഷണക്കത്ത് ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ നാല് ദിവസം പിടിക്കില്ല.
അപ്പോള്‍ ചടങ്ങ് കഴിഞ്ഞ് കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത് എന്ന് ഷമ്മി തിലകന് ചോദിച്ചു. സമയം എന്ന മഹാപ്രവാഹത്തിനെ തടയിടാന്‍ ആര്‍ക്കും കഴിയില്ല എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓര്മിപ്പിക്കുകയാണോ എന്നും ഷമ്മി തിലകന് കുറിച്ചു.
