അടിമാലി: മനോഹരമായ പാത, പക്ഷേ പ്രദേശവാസികള്‍ ഈ പാതയെ വിളിക്കുന്നത് “കൊലകൊല്ലി റോഡ്’ എന്നാണ്. ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡിന്റെ കാര്യമാണിത്. കാക്കാകട മുതല്‍ ഗ്യാപ്പ് വരെയുള്ള ഏഴു കിലോമീറ്റര്‍ ദൂരമാണ് കൊലകൊല്ലി മേഖല എന്ന് അറിയപ്പെടുന്നത്.
അപകടങ്ങള്‍ കണ്ടും നിലവിളികള്‍ കേട്ടും മനസ് മരവിച്ച അവസ്ഥയിലാണ് കാക്കാകട, ചൊക്രമുടി നിവാസികള്‍. മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങുന്ന തമിഴ്നാട്, കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെടുന്നതാണ് അപകടങ്ങള്‍ക്ക് കാരണം.
ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മാണം പൂര്‍ത്തികരിച്ച് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍45 ലധികം അപകടങ്ങള്‍ക്കാണ് ഈ പാത സാക്ഷ്യം വഹിച്ചത്.14 പേരുടെ ജീവന് നഷ്ടമായി. കഴിഞ്ഞ ദിവസം തമിഴ്നാട് ട്രിച്ചിയില്‍നിന്ന് എത്തിയവരുടെ വാന്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഹരിത ചെക്ക് പോസ്റ്റ് , ടെയ്ക്ക് എ ബ്രെയിക് , അപകട സൂചനാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കൽ, സമാന്തര പാതയായ കാക്കാകട – പെരിയകനാല്‍ റോഡ് നവീകരിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രദേശവാസികള്‍ മുന്നോട്ട് വക്കുന്നത്.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നിരാഹാര സമരവും നടന്നിരുന്നു. പ്രശ്ന പരിഹാരത്തിന് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
