കോട്ടയം: ലോക സഞ്ചാര ഭൂപടത്തില്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് ഇനി ഹെലികോപ്റ്ററുകളുടെ ചിറകടിശബ്ദമുയരും. സംസ്ഥാന ബജറ്റില്‍ ഹെലിപാഡ് നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചോടെ ഹെലിപാഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശരവേഗം കൈവരും. പദ്ധതി പൂര്‍ത്തിയായാല്‍ കുമരകത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കു വന്‍ മുതല്‍ക്കൂട്ടാകും.
ഏറെ നാളായുള്ള ആവശ്യമായിരുന്നു കുമരകത്തെ ഹെലിപാഡ്. രാഷ്ട്രതലവന്മാര് ഉള്‍പ്പെടെയുള്ള പ്രമുഖരും വിദേശ പൗരന്മാരും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ സന്ദര്ശത്തിനെത്തിയാല് കുമരകത്തെത്തി സമയം ചെലവഴിക്കാതെ മടങ്ങാറില്ല. കായല്‍ സവാരി നടത്താനും പ്രമുഖര്‍ സമയം കണ്ടെത്താറുണ്ട്.
24 വര്‍ഷം മുമ്പു മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സന്ദര്ശനത്തിലൂടെയാണു കുമരകം രാജ്യാന്തരശ്രദ്ധ നേടുന്നത്. തുടര്‍ന്ന്, ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെ, ചാള്‍സ് രാജകുമാരന്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായല്‍സൗന്ദര്യം കണ്ടറിഞ്ഞവരാണ്. ഒടുവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുമരകം സന്ദര്‍ശിച്ചിരുന്നു. ജി 20 ഉച്ചകോടിക്കു വേദിയായതും കുമരകമായിരുന്നു.
വിവിഐപികള്‍ കൊച്ചിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗമാണ് കുമരകത്തേക്ക് എത്തുന്നത്. അല്ലെങ്കില്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങി റോഡുമാര്‍ഗമാണ് എത്തുന്നത്. ഇതു വിവിഐപികളുടെ സുരക്ഷാ ചുമതല വഹിക്കുന്ന പോലീസിനു സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ വലുതാണ്. പലപ്പോഴും വിവിഐപികളുടെ സന്ദര്‍ശന സമയത്ത് കുമരകം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല.
ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് വിവിഐപി ഹെലികോപ്റ്ററുകളടക്കം ഇറങ്ങാന്‍ പറ്റുന്ന രീതിയില്‍ ഹെലിപാഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമായത്. വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ആദ്യഘട്ട ചര്‍ച്ചകളും നടന്നിരുന്നു.
നിലവില്‍ കുമരകത്ത് റിസോര്‍ട്ടുകളുടെ നേതൃത്വത്തില്‍ സഞ്ചാരികളെ ഹെലികോപ്റ്ററുകളില്‍ എത്തിക്കുന്നുണ്ട്. സൂരി റിസോര്‍ട്ട്, കുമരകം ലേക് റിസോര്‍ട്ട് എന്നിവിടങ്ങളിലാണ് ഹെലിപാഡ് സംവിധാനമുള്ളത്. ബജറ്റില്‍ തുക വകയിരുത്തിയതോടെ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ കുമരകത്തിന്റെ ആകാശത്തു വട്ടമിട്ടു പറക്കുമെന്നാണു പ്രതീക്ഷ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 25 മിനിറ്റില്‍ കുമരകത്ത് പറന്നിറങ്ങാം.
ഹെലിപാഡ് യഥാഥ്യമായാല് വിനോദ സഞ്ചാരികള്‍ക്ക് ആലപ്പുഴയിലെയും കുമരകത്തെയും കായല്‍ കാഴ്ചകളും മൂന്നാറിന്റെ മലനിരകളും ഒറ്റയടിക്കു കാണാനുള്ള അവസരമാണു കൈവരുന്നത്. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കാഴ്ചകളുമിതാണ്. ഒന്നരയേക്കറോളം സ്ഥലമുണ്ടെങ്കില്‍ മൂന്ന് ഹെലികോപ്റ്ററുകള്‍ക്ക് ഒരുമിച്ച് ഇറങ്ങാവുന്ന ഹെലിപാഡ് നിര്‍മിക്കാം. ചുറ്റും 100 മീറ്റര്‍ വിസ്തൃതിയില്‍ മരങ്ങള്‍ ഉള്‍പ്പെടെ മറ്റുതടസങ്ങള്‍ ഉണ്ടാവരുത്.
