ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു ! ഡയാന മറിയം കുര്യന്‍ നയന്‍താരയായ കഥ വെളിപ്പെടുത്തി നടി ഷീല…

ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് നയന്‍താരയാണ്. ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടി നയന്‍താരയായ കഥ വെളിപ്പെടുത്തുകയാണ് നടി ഷീല ഇപ്പോള്‍. ‘മനസിനക്കരെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യനാണ് ഞങ്ങളോട് പറഞ്ഞത്.

പിന്നീട് കുറച്ച് പേരുകളുമായി സത്യന്‍ എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തെരഞ്ഞെടുത്തത്.’ ‘നയന്‍താര എന്നാല്‍ നക്ഷത്രം എന്നല്ലേ, എല്ലാ ഭാഷയ്ക്കും അനുയോജ്യമായ പേര് കൂടിയാണ്. ഹിന്ദിയിലൊക്കെ പോവുകയാണേല്‍ ഈ പേര് ഗുണമാകുമെന്നും അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു’.ഷീല പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നയന്‍താരയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒന്നാമതാണ് നയന്‍താരയുടെ സ്ഥാനം. മാത്രമല്ല ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയും നയന്‍താര തന്നെയാണ്.

Related posts