തത്സമയ ടെലിവിഷൻ പരിപാടിക്കിടെ നിയന്ത്രണം വിട്ട ഡ്രോൺ അവതാരകൻ ചവിട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് സ്റ്റുഡിയോയിലുണ്ടായിരുന്ന മോഡലിന്റെ മുഖത്തിടിച്ച് പരിക്ക്. മെക്സിക്കൻ ടിവി ചാനലായ ‘കനാൽ 6 മൾട്ടിമീഡിയോസി’ലെ ‘എസ് ഷോ’ എന്ന വിനോദ പരിപാടിക്കിടെയാണ് സംഭവം.
പ്രശസ്ത അവതാരകനായ എർനെസ്റ്റോ ചവാനയാണ് സ്റ്റുഡിയോയിലൂടെ പറക്കുകയായിരുന്ന ഡ്രോണിനെ തൊഴിച്ചത്. എന്നാൽ ദിശമാറിപ്പറന്ന ഡ്രോൺ സമീപത്തുണ്ടായിരുന്ന കൊളംബിയൻ മോഡലും നർത്തകിയുമായ ഇസബെല്ല റോജസിന്റെ (“ലാ കൊളംബിയാന”) മുഖത്തുവന്ന് ശക്തമായി ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് സ്റ്റുഡിയോയിൽ നിമിഷനേരത്തേക്ക് പരിഭ്രാന്തി പരന്നു. ഇടിയുടെ ആഘാതത്തിൽ ഇസബെല്ലയുടെ ചുണ്ടിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അവതാരകൻ എർനെസ്റ്റോ ചവാന പിന്നീട് അറിയിച്ചു. തത്സമയ സംപ്രേക്ഷണത്തിനിടെ സംഭവിച്ച ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
