പാലക്കാട്: കൊഴിഞ്ഞമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ സുഹൃത്ത്കൂടി പിടിയിൽ. കൊലപാതകത്തിൽ ഒരാൾക്കുകൂടി പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് നിവേദ്യയുടെ സുഹൃത്ത് അറസ്റ്റിലായത്. അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അഞ്ചുവയസുകാരി ജെനിഫർ ജൂലിയറ്റും മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോൾ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു.
വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയിൽ തള്ളിയിട്ടശേഷം മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴി.
