അജ്മീറിലെ സിവിൽ ലൈൻസ് ഏരിയയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിരമിച്ച ഡോക്ടറെയും ഭാര്യയെയും വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാല കവരാൻ ശ്രമിച്ച കവർച്ചക്കാരെ ധീരമായി ചെറുത്ത് പ്രദേശവാസി. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിരമിച്ച ഡോക്ടറായ മഹേന്ദ്ര ജെയിനും അധ്യാപികയായ ഭാര്യ സുചിത്രാ ജെയിനും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞുനിർത്തി ആക്രമിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ, പ്രതികളിലൊരാൾ വ്യാജ തോക്ക് പുറത്തെടുത്ത് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും സുചിത്രയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
സുചിത്ര ഉടൻ തന്നെ നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന ഒരാൾ ഓടിയെത്തി ബൈക്കിലിരുന്ന പ്രതിയെ തടയുകയും നിലത്തു വീഴ്ത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാർ തടിച്ചുകൂടുകയും ഓടിരക്ഷപ്പെടാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയെ പിടികൂടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ സിവിൽ ലൈൻസ് പോലീസ് അന്വേഷണം ആരംഭിച്ചു.
