ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ എളിമയാർന്ന പ്രവർത്തനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹിയിൽ നിന്ന് മടങ്ങുന്നതിന് തൊട്ടുമുമ്പ് തനിക്കായി വാഹനം ഓടിച്ച ഡ്രൈവറോട് വ്യക്തിപരമായി നന്ദി പറയാനായി അദ്ദേഹം തിരികെ നടന്നുവരുന്ന ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്.
സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് 18-ാമത് ബിആർഐസിഎസ് ഉച്ചകോടി നടന്നത്. ഉച്ചകോടിക്ക് ശേഷം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കിരീടാവകാശി കാറിൽ നിന്നിറങ്ങി ഉദ്യോഗസ്ഥരോട് യാത്ര പറയുകയായിരുന്നു. എന്നാൽ, തനിക്കായി വാഹനം ഓടിച്ച ഡ്രൈവറോട് യാത്ര പറയാൻ മറന്നുപോയെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ കാറിനടുത്തേക്ക് തിരികെ നടന്നു.
തുടർന്ന് കാർ ഓടിച്ച ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം ചെയ്യുകയും അദ്ദേഹത്തോട് കുറച്ചു സമയം സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വിമാനത്തിലേക്ക് കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് അഭിനന്ദനങ്ങൾ ഉയരുന്നത്. ഒരു ഭരണാധികാരി കാണിച്ച ഈ എളിമയും സാധാരണക്കാരനായ ഒരു ഡ്രൈവറോട് കാണിച്ച ആദരവും ഏവരുടെയും മനം കവരുന്നതായിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായാണ് കിരീടാവകാശി ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. ഊർജ്ജ വിതരണം, വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.
