ഗോകുലം കേരളയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചതിനു പിന്നില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍? അക്കൗണ്ട് തിരിച്ചുപിടിച്ച് ഗോകുലം, കളി തുടങ്ങുംമുമ്പേ കേരളത്തിലെ രണ്ടുവമ്പന്‍ ക്ലബുകളുടെ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ പോര്

ഒരുകാലത്ത് കേരള ഫുട്‌ബോള്‍ നഷ്ടപ്രതാപം മാത്രം കൈമുതലായ അവസ്ഥയിലായിരുന്നു. പേരിനുപോലും നല്ലൊരു ക്ലബില്ലാത്ത അവസ്ഥ. കളിക്കാര്‍ മിക്കവരും കേരളത്തിനു പുറത്ത് കളിച്ച് ഉപജീവനം കണ്ടെത്തേണ്ട അവസ്ഥ. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഐഎസ്എല്ലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വരവും കേരളത്തിലേക്ക് ഫുട്‌ബോള്‍ ആവേശം തിരികെ കൊണ്ടുവന്നു. കോഴിക്കോട് ആസ്ഥാനമായി ഗോകുലം കേരള എഫ്‌സി കൂടി വന്നതോടെ ഫുട്‌ബോളില്‍ ഒരു കേരള ഡെര്‍ബി കൂടി ഉടലെടുക്കുകയാണ്.

ബ്ലാസ്‌റ്റേഴ്‌സിന് ബദല്‍ എന്ന രീതിയില്‍ ഗോകുലത്തെ അവതരിപ്പിച്ചതോടെ സോഷ്യല്‍മീഡിയയില്‍ അടക്കം ഇരുക്ലബിന്റെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. ആരാധകര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൈവിട്ടു തുടങ്ങിയതോടെ കഴിഞ്ഞദിവസം ഗോകുലത്തിന്റെ ട്വിറ്റര്‍ പേജ് അപ്രത്യക്ഷമായിരുന്നു.

ബ്ലാസ്റ്റേഴ്‌സിനെതിരേ പ്രകോപനപരമായ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചെന്ന കാരണമായിരുന്നു ഗോകുലത്തിന്റെ അക്കൗണ്ട് നഷ്ടപ്പെടാന്‍ കാരണം. ഇപ്പോള്‍ അക്കൗണ്ട് തിരിച്ചുപിടിച്ചിരിക്കുകയാണ് ടീമിന്റെ സോഷ്യല്‍മീഡിയ വിഭാഗം. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നടത്തിയ റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതെന്നാണ് ഗോകുലം ആരാധകര്‍ പറയുന്നത്.

ഈമാസം 28നാണ് ഐലീഗില്‍ ഗോകുലത്തിന്റെ ആദ്യ മത്സരം. ബഗാനെതിരായ മത്സരം തുടങ്ങും മുമ്പേ ഗോകുലം ആരാധകരും ബ്ലാസ്‌റ്റേഴ്‌സ് കളിക്കമ്പക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങി കഴിഞ്ഞു. ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് കേരളത്തിലെ ഫുട്‌ബോളിന് ദോഷം ചെയ്യുമെന്ന ഭയത്തിലാണ് യഥാര്‍ഥ കളിയാരാധകര്‍.

Related posts