എ.കെ. ആന്റണിയുടെ മകനെ പ്രധാന സ്ഥാനത്ത് അവരോധിച്ചതിനെതിരേ യൂത്ത് കോണ്‍ഗ്രസിലും കലാപം, കെട്ടിയിറക്കിയവരെ ചുമക്കേണ്ട ബാധ്യതയില്ലെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ അണികളും നേതാക്കളും, പാര്‍ട്ടിയില്‍ പൊട്ടിത്തെറി

കെപിസിസിയുടെ ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് നല്കിയതിനെതിരേ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും മുറുമുറുപ്പ് ശക്തമാകുന്നു. പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തയാളെ സുപ്രധാന സ്ഥാനത്ത് നിയോഗിച്ചതിനെതിരേ രാഹുല്‍ ഗാന്ധിക്ക് പരാതി നല്കാനും നീക്കം നടക്കുന്നുണ്ട്.

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് എതിര്‍പ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. അധികാരം ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് യുവനേതാക്കളുടെ പരാതി. അനില്‍ കെ ആന്റണിയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പദവിയെ എതിര്‍ത്ത യുവനേതാക്കള്‍ക്ക് കെപിസിസി ജനറല്‍ ബോഡിയില്‍ വിലക്കേര്‍പ്പെടുത്തിയതും കലഹത്തിന് കാരണമായിട്ടുണ്ട്.

നോമിനേറ്റഡ് അംഗങ്ങള്‍ക്ക് ക്ഷണമില്ലെന്നാണ് ഇത് സംബന്ധിച്ച് നേതാക്കള്‍ നല്‍കിയ വിശദീകരണം. പോരാട്ടം തുടരുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം ആര്‍എസ് അരുണ്‍ രാജ് പറഞ്ഞു. കെഎസ് യുവിലോ യൂത്ത് കോണ്‍ഗ്രസിലോ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത ആളുകളെ നേതാക്കളുടെ മക്കള്‍ എന്ന ഒറ്റ മാനദണ്ഡത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃ പദവിയിലേക്ക് കൊണ്ട് വരുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അരുണ്‍ പറഞ്ഞു.

ഡിജിറ്റല്‍ മീഡിയ സെല്‍ കെപിസിസി ഭാരവാഹിയ്ക്ക് തുല്യമായ പദവിയാണ്. നിര്‍വാഹക സമിതിയില്‍ പോലും ചര്‍ച്ചചെയ്യാതെയാണ് അനില്‍ ആന്റണിയെ ഇതിന്റെ തലപ്പത്തേക്ക് കൊണ്ട് വന്നത്.

Related posts