ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട തിരിച്ചടിയുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പരാജയത്തിന്റെ കാരണം വിലയിരുത്താൻ സമിതിയെ നിയോഗിച്ചുവെന്നും ഇരുപതു ദിവസത്തിനകം റിപ്പോർട്ട് നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടിക്കും സ്വന്തമായി സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്ന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ എംഎൽഎമാരെ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും പാർപ്പിച്ചില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പാർട്ടി എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്കു മാറ്റിയ അണ്ണാ ഡിഎംകെ നേതൃത്വത്തെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു സ്റ്റാലിൻ.
