തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കം. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അംഗങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്നത്. നാലര വർഷം കാലാവധി ശേഷിക്കെയാണ് അംഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നത്.
അംഗങ്ങളെ പിരിച്ചുവിട്ടയുടൻ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റെ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം. ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്. ഹംസയെ ചെയർമാനാക്കിയത്. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് അമർഷമുണ്ട്.
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് ഹൈക്കോടതി നേരത്തെ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളോ സുപ്രധാന തീരുമാനങ്ങളോ എടുക്കാനോ മൂലധനച്ചെലവുകൾ നടത്താനോ പാടില്ലെന്നും, വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം പ്രവർത്തനമെന്നും, ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു.
പുതിയ നിയമപ്രകാരം കേരള വഖഫ് ബോർഡിൽ നിന്ന് മുസ്ലീം ഇതര വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെയും ഒരു ഷിയാ അംഗത്തെയും ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസുമാണ് കോടതിയെ സമീപിച്ചത്.
