കൊച്ചി: പറവൂരിൽ പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലിസ് കേസെടുത്തു. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.
ഇതേസമയം പ്ലസ്ടു വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന് വര്‍ഗീസ് രംഗത്തെത്തി. തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ കണ്ടക്ടര്‍ നിരപരാധിയാണെന്നും സാക്ഷികള്‍ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പരാതിക്കാരി എസ്എഫ്ഐ സംഘടനയുടെ പിന്ബലമുള്ളയാളാണ്. സര്‍ക്കാര്‍ ചെയ്തത് എളുപ്പം എടുക്കാന്‍ പറ്റുന്ന നടപടിയാണ്. മുടി പറ്റെ വെട്ടാനും, ജെന്‍ഡര്‍ ന്യൂട്രല്‍ വേഷം ധരിക്കാനും അവകാശമുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആവശ്യമെങ്കില്‍ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് നല്‍കണമെന്നും ഷെറിന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർഎസ്എ 173 “പ്രിയദർശിനി’ ബസിൽ കേസിനാസ്പദമായ സംഭവം നടന്നത്. യാത്രയ്ക്കിടെ വിദ്യാർഥി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു.
തുടർന്ന് “പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല” എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പറവൂർ പൊലിസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറുടെ നിര്‍ദേശപ്രകാരമാണ് സസ്പെന്ഷന്. കണ്ടക്ടര്‍ക്ക് പുറമെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് യാത്രക്കാര്‍ക്കെതിരെയും പറവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
