കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിന്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
കാറിൽ ആ സമയം സുഹൈലിനൊപ്പം മൂന്ന് പേരാണ് ഒപ്പമുണ്ടായിരുന്നത്. മറ്റ് രണ്ട് പേർ കൂടി പിടിയിലായി. ഇവരൊന്നിച്ചാണ് ബാറുകളിൽ കയറിയിറങ്ങി മദ്യപിച്ചത്. സംഭവശേഷം ഇവർ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗണർ കാറിൽ കയറി രക്ഷപ്പെട്ടു.
കൂടെയുണ്ടായിരുന്നവർക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും സുഹൈലിനെ തടഞ്ഞില്ലെന്നും അമിതവേഗം നിയന്ത്രിച്ചില്ലെന്നുമാണ് ഇവർക്കെതിരായ കുറ്റം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ഇഹാ ഡിസൈൻസി’ന്റെ ഉടമകളായ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ സജീവ്.
