തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചതായി ക്രൈംബ്രാഞ്ച്. 42 വർഷത്തോളം നീണ്ട ദുരൂഹതയ്ക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് തന്നെ ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് മരണപ്പെട്ടിട്ടുണ്ടെന്നാണ് കേസ് വീണ്ടും അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് ഐ.ജി. അജിതാ ബീഗം ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി.
തീരുമാനമാകാത്ത പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു മാസം മുൻപാണ് ക്രൈംബ്രാഞ്ച് ഈ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്. ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ച വേളയിലാണ് നിർണായക വഴിത്തിരിവുണ്ടായത്. കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയ്ക്കെത്തിയ കുറുപ്പിനെ കണ്ടതായി ജാർഖണ്ഡിലെ നഴ്സായിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മ വെളിപ്പെടുത്തുകയായിരുന്നു.
രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട വ്യക്തി സുകുമാര കുറുപ്പായിരുന്നു. അന്ന് ഏകദേശം 40 വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹം കടുത്ത ഹൃദ്രോഗിയുമായിരുന്നു. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വർഷം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും വർഷങ്ങളായി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ഇനി ജീവനോടെയില്ലെന്ന അന്തിമ നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.
മാവേലിക്കര കോടതിയിലെ ലോങ് പെൻഡിങ് കേസുകളുടെ പട്ടികയിലുള്ളതാണ് സുകുമാര കുറുപ്പിന്റെ കേസ്. ക്രൈംബ്രാഞ്ച് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ, ആലപ്പുഴ ജില്ലയിലെ ചെറിയനാട് വില്ലേജിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണ കുറുപ്പ് എന്ന സുകുമാര കുറുപ്പിന്റെ ചരിത്രം ഔദ്യോഗികമായി ഓർമ്മയാകും.
1984 ജനുവരി 22-ന് പുലർച്ചെയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. സ്വന്തം പേരിലുള്ള ലക്ഷങ്ങളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ, താൻ മരിച്ചുവെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. ഇതിനായി തന്റെ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കഴുഞ്ഞെരിച്ചു കൊലപ്പെടുത്തി സ്വന്തം കാറിലിട്ട് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പിനെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഷൗക്കത്തലിയുടെ നേതൃത്വത്തിലും മുൻപ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
