ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ കാശില്ലെങ്കില്‍ പോയി ഭാര്യയെ വില്‍ക്കൂ! സ്വച്ഛ് ഭാരത് കാമ്പെയ്‌നിനിടെ പണമില്ലെന്നു പറഞ്ഞ ഗ്രാമീണനോട് ജില്ലാ മജിസ്ട്രേറ്റ് നടത്തിയ പ്രസ്താവന വിവാദത്തിലേയ്ക്ക്

79257_1500861012കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂവെന്ന് പാവപ്പെട്ട ഗ്രാമീണനോട് ബീഹാറിലെ ജില്ലാ മജിസ്ട്രേറ്റ്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് കാമ്പെയ്ന്റെ പ്രമോഷനുവേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് ബീഹാറിലെ ഔറംഗാബാദ് ജില്ലാ മജിസ്ട്രേറ്റ് കന്‍വാല്‍ തനൂജ് ഇപ്രകാരം തട്ടിവിട്ടത്. ഔറംഗാബാദ് ഗ്രാമത്തിലെ ഗ്രാമീണര്‍ക്കിടയില്‍ ടോയ്ലറ്റ് നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കന്‍വാല്‍ തനൂജ് അവിടെയെത്തിയത്. എന്നാല്‍ ദരിദ്രരായ ജനങ്ങളോട് കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെങ്കില്‍ ഭാര്യയെ വിറ്റു പണമുണ്ടാക്കാന്‍ ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ‘നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങളുടെ സ്ത്രീകളുടെ അഭിമാനം കാക്കൂ. നിങ്ങള്‍ എത്ര ദരിദ്രരാണ്? 12,000 രൂപയേക്കാള്‍ താഴെയാണ് നിങ്ങളുടെ ഭാര്യയ്ക്ക് നല്‍കിയ വിലയെങ്കില്‍ നിങ്ങള്‍ കൈ ഉയര്‍ത്തൂ. ആദ്യം ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ കൈ ഉയര്‍ത്തരുത്.

എന്റെ ഭാര്യയുടെ അഭിമാനം എടുത്തോളൂ, എനിക്ക് 12,000രൂപ തന്നാല്‍ മതിയെന്ന് പറയുന്ന ആരെങ്കിലുമുണ്ടോ? അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ?’ അദ്ദേഹം ചോദിച്ചു. ‘സര്‍ എന്റെ കയ്യില്‍ ടോയ്ലറ്റ് നിര്‍മ്മിക്കാനുള്ള പണമില്ല’ എന്ന് ഗ്രാമവാസികളിലൊരാള്‍ പറഞ്ഞപ്പോള്‍ കന്‍വാല്‍ തനൂജിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാന്‍ പറയാം. അതാണ് സാഹചര്യമെങ്കില്‍ പോയി നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ. നിങ്ങളുടെ മാനസികാവസ്ഥ ഇതാണെങ്കില്‍ പോയി ഭാര്യയെ വില്‍ക്കൂ. പലയാളുകളും അഡ്വാന്‍സായി പണം ആവശ്യപ്പെടും. അഡ്വാന്‍സായി നല്‍കിയാല്‍ അത് അനാവശ്യ കാര്യങ്ങള്‍ക്ക് ചിലവഴിക്കുകയും ചെയ്യും’. അദ്ദേഹം പറഞ്ഞു. 2016 സെപ്റ്റംബറില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹര്‍ ഘര്‍ നല്‍കാ ജല്‍, ശൗചാലയ് നിര്‍മാണ്‍ എന്നീ പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. ശൗചാലയ് നിര്‍മാണ്‍ പദ്ധതിക്കു കീഴില്‍ ഒരോ ഗുണഭോക്താവിനും 12,000 രൂപ സംസ്ഥാന സര്‍ക്കാര്‍ ടോയ്ലറ്റ് നിര്‍മ്മിക്കാനായി നല്‍കും. ഈ പദ്ധതിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു കന്‍വാല്‍ തനൂജ്. പ്രസംഗത്തിനിടെ ആവേശം കയറി പറഞ്ഞതാണെങ്കിലും സംഗതി വന്‍ വിവാദമാവുകയായിരുന്നു. നിരധിയാളുകള്‍ സോഷ്യല്‍മീഡിയകളിലൂടെയും അല്ലാതെയും മജിസ്‌ട്രേറ്റിന്റെ വാക്കുകള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

Related posts