കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ വീതം പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി ടി.പി. ബിജു (34), രണ്ടാം പ്രതി എം. വിപിൻ (34), മൂന്നാം പ്രതി എം. വൈശാഖ് (31) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. വിപിനും വൈശാഖും സഹോദരങ്ങളാണ്. കേസിൽ ആകെ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ 4 മുതൽ 20 വരെയുള്ള 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു വിചാരണ കാലയളവിൽ കൊല്ലപ്പെട്ടിരുന്നു.
Read More