ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കൊറോണ വൈറസ് ! ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ചൈന…

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയിലെ മറ്റു പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചില്‍ നിന്ന് എടുത്ത സാംപിള്‍ പരിശോധിക്കവെയാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെന്‍സെനിലെ തദ്ദേശീയ ഭരണകൂടമാണ് ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി അറിയിച്ചത്. ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്കി. ഉല്‍പ്പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളുടെ സാംപിള്‍ പരിശോധനകളും നടത്തുന്നുണ്ട്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ യാന്റ്‌റായില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More