വലിയ ഇരുമ്പുവേലി അനായാസം ചാടിക്കടന്ന് കൂറ്റന്‍ ചീങ്കണ്ണി ! ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു…

മതിലു ചാടിക്കടക്കുന്ന ജീവികള്‍ നിരവധിയുണ്ടെങ്കിലും ഫ്‌ളോറിഡയിലെ നേവല്‍ ബേസിന്റെ വേലി ചാടിക്കടന്ന ചീങ്കണ്ണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ജാക്‌സണ്‍വില്ല എയര്‍ സ്റ്റേഷനു സമീപമുള്ള നിരത്തില്‍ കൂടി വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ക്രിസ്റ്റീന സ്റ്റ്യുവര്‍ട്ട് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ക്രിസ്റ്റീന തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരത്തിലൂടെ പോകുകയായിരുന്ന ചീങ്കണ്ണി വളരെ ലാഘവത്തോടെയാണ് ഇരുമ്പുവേലി ചാടിക്കടന്ന് പുല്‍പ്പരപ്പിലൂടെ വേഗത്തില്‍ ഇഴഞ്ഞു നീങ്ങിയത്. ഫ്‌ളോറിഡയില്‍ മുതലകളും ചീങ്കണ്ണികളുമൊക്കെ നിരത്തിലൂടെ നീങ്ങുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. മിക്കവാറും സ്ഥലങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടാറുമുണ്ട്. ഏകദേശം നാല് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. ജാക്‌സണ്‍വില്ല നേവല്‍ എയര്‍ സ്റ്റേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read More