അധ്യാപകർ മാതാപിതാക്കൾക്ക് തുല്യമാണെന്നാണ് നമ്മളെല്ലാവരും ചെറുപ്പം മുതൽ കേട്ട് വരുന്നത്. മക്കൾ തെറ്റ് ചെയ്യുന്നതു കണ്ടാൽ അച്ഛനും അമ്മയും നമ്മളെ ശാസിക്കാറുണ്ട്. അതുപോലെതന്നെ ശാസിക്കാനുള്ള എല്ലാ അധികാരവും നമ്മുടെ അധ്യാപകർക്കും ഉണ്ട്. എന്നാൽ ശാസനകൾ അതിരു വിട്ടാൽ കളി മാറും. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആന്ധ്രാപ്രദേശിലെ ഒരു സർക്കാർ സ്കൂളിൽ നടന്നൊരു സംഭവമാണിത്. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള പ്രശ്നമാണ് സംഘർഷത്തിനു കാരണം. സ്കൂളിലെ ഒരു വിദ്യാർഥിയെ വഴക്ക് പറയുന്നതിനിടെ അധ്യാപകൻ തെറിവിളിച്ചെന്ന് ആരോപിച്ചു. ഇതിൽ പ്രകോപിതനായ വിദ്യാർഥി അധ്യാപകനെ മർദ്ദിച്ചു.
സംഭവ സമയം ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും മുന്നിൽവച്ച് വിദ്യാർഥി അധ്യാപകനെ ഇടിക്കുന്നത് കാണാം. പിന്നാലെ അധ്യാപകൻ വേദന കൊണ്ട് മുന്നോട്ട് കുനിയുന്നു. ഇതോടെ മറ്റ് വിദ്യാർഥികളും അധ്യാപകരും ഇടപെട്ട് ഇരുവരെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ശകാരിക്കാൻ അധ്യാപകർക്ക് പൂർണ അധികാരം ഉണ്ട്, എന്നാൽ തെറി വിളിക്കാൻ അധ്യാപകൻ എന്നല്ല ആർക്കും അധികാരം ഇല്ലെന്നാണ് വീഡിയോ കണ്ട മിക്ക ആളുകളും അഭിപ്രായപ്പെട്ടത്.
