മുംബൈ: രാജ്യാന്തര ക്രിക്കറ്റിനോടു വിടചൊല്ലിയ യുവരാജ് സിംഗിന് ആശംസകളറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യൻ ക്രിക്കറ്റിന് യുവി നൽകിയ എല്ലാ സംഭാവനകൾക്കും സച്ചിൻ നന്ദി അറിയിച്ചു. യുവിയുടെ “രണ്ടാം ഇന്നിംഗ്സിന്’ ട്വിറ്ററിലൂടെയായിരുന്നു സച്ചിൻ ആശംസാ വാക്കുകൾ അറിയിച്ചത്.
“എന്തൊരു മികച്ച കരിയറാണ് യുവി, നിങ്ങൾക്ക് ഉണ്ടായിരുന്നത്. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം യഥാര്‍ത്ഥ ചാമ്പ്യനായി നിങ്ങൾ വന്നു. ജീവിതത്തിലും ഫീൽഡിലും എല്ലാ ഉയർച്ച താഴ്ച്ചകളിലും താങ്കൾ പുറത്തെടുത്ത പോരാട്ടവീര്യം വിസ്മയകരമായിരുന്നു. നിങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് എല്ലാവിധ ആശംസകളും. ക്രിക്കറ്റിന് വേണ്ടി ചെയ്തതിനെല്ലാം നന്ദി”.-ഹൃദയസ്പർശിയായ വാക്കുകളിൽ സച്ചിൻ കുറിച്ചു.
നീണ്ട 17 വർഷത്തെ കരിയറിനുശേഷമാണ് യുവരാജ് പാഡഴിച്ചത്. ഐപിഎൽ ഒഴികെയുള്ള ട്വന്റി-20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ അദ്ദേഹം അറിയിച്ചു.