സ്‌നേഹത്തോടെ നിങ്ങളോടു ഒരു കാര്യം ചോദിക്കട്ടെ നേതാക്കളെ, നിങ്ങള്‍ക്ക് പോയി തൂങ്ങി ചത്തൂടെ; തൃശ്ശൂരില്‍ വീക്ഷണം പൂട്ടിക്കെട്ടിയതോടെ പാര്‍ട്ടിയിലും പത്ര ജീവനക്കാര്‍ക്കിടയിലും പോര് മുറുകുന്നു;ജീവനക്കാരന്റെ തുറന്ന കത്ത് പുറത്ത്…

പാര്‍ട്ടി മുഖപത്രം വീക്ഷണം തൃശ്ശൂരില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പോരു മുറുകുന്നു. വന്‍ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് വീക്ഷണം തൃശ്ശൂരില്‍ അടച്ചു പൂട്ടിയത്. സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്കു കാരണം കോണ്‍ഗ്രസ് നേതൃത്വമാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. നേതൃത്വത്തിനെതിരേ മുന്‍ ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നതോടെ പ്രശ്‌നത്തിന്റെ തീവ്രത കൂടുതല്‍ വ്യക്തമാവുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഒരു തുറന്ന കത്ത്.

കഴിഞ്ഞ കെ.പി.സി.സി യോഗത്തിൽ വീക്ഷണം നടത്തിപ്പിനെ കുറിച്ച് നേതാക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും കണക്ക് പരിശോധിക്കാൻ കെപിസിസി ഒരു ഉപസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നുവല്ലോ. ഇതേ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇടുകയും ധാരാളം പേര് കമന്റിടുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നുവല്ലോ ( ആ പോസ്റ്റ് വായിച്ചിട്ടില്ലാത്തവർ ആദ്യ കമന്റിൽ നോക്കുക) .

വീക്ഷണത്തിന് ഇത്ര സാമ്പത്തിക ബാധ്യത എങ്ങനെ വന്നു എന്നതിനെ കുറിച്ച് ഒരു ചെറിയ അന്വേഷണം നടത്തി. അപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെ എന്ന് ബോധ്യപ്പെടുന്നത്. രണ്ടര കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത വീക്ഷണത്തിന് ഉണ്ടെന്നാണ് നിലവിലെ എം.ഡി ശ്രീ. പി. ടി. തോമസ് യോഗത്തിലെ പറഞ്ഞത്. ഇതാണ് കെപിസിസി യോഗത്തിൽ വാക്കുതർക്കത്തിന് ഇടയാക്കിയതും. എന്നാൽ ഇക്കാലയളവിലെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. ഇപ്പോഴും കൊച്ചി ഒഴികെയുള്ള സ്‌ഥലങ്ങളിൽ ശമ്പളം രണ്ടോ മൂന്നോ മാസം കുടിശിഖ ആണെന്നും ഞാൻ മനസിലാക്കുന്നു.

2017 മാർച്ച് ആദ്യവാരമാണ് ബഹുമാന്യനായ ശ്രീ. പി.ടി. തോമസ് വീക്ഷണം എം.ഡിയായി ചുമതലയേൽക്കുന്നത്.

2017- മാർച്ച് 15 മുതൽ 2019 മാർച്ച് 31 വരെ വീക്ഷണത്തിൽ എട്ടു കോടി 30 ലക്ഷത്തിലധികം രൂപ വരുമാനമുണ്ടായിട്ടുണ്ട് – എന്നിട്ടും ഈ ബാധ്യത വന്നതെങ്ങിനെ എന്ന കാര്യം കെ.പി.സി.സി അന്വേ ഷിക്കേണ്ടതല്ലേ.

,,,,,,, രണ്ടു കൊല്ലത്തെ വരുമാനം ഇതാ ഇങ്ങിനെ
,,,,,,,,,,,,,,,,,,,,,,,,
2016-17ൽ

പി.ആർ.ഡി പരസ്യവരുമാനം : ഒരു കോടി – 24 ലക്ഷം
ലോട്ടറി പരസ്യം – 32 ലക്ഷം
പിണറായി സർക്കാർ ഒന്നാം വാർഷിക പരസ്യം : 40 ലക്ഷം രൂപ

19-5-2018 മുതൽ 30- 4 2019 വരെ

പി.ആർ ഡി പരസ്യം 75.50 ലക്ഷം രൂപ
ലോട്ടറി പരസ്യം 22.30 ലക്ഷം രൂപ
എം.എം ഹസ്സൻ കെ.പി.സി.സി – ഫണ്ട് – 40 ലക്ഷം രൂപ
മുല്ലപ്പള്ളി- ഫണ്ട് 70 ലക്ഷം രൂപ
കോൺഗ്രസ് സ്ഥാനാർത്ഥി – പത്രപരസ്യ ചാർജ് 20 ലക്ഷം രൂപ

2017-18 സ്വകാര്യ പരസ്യ ങ്ങ ളു ടെ വരുമാനം 3 കോടി 35 ലക്ഷം രൂപ

കോഴിക്കോട് മാനേജർ ലോൺ – 16 ലക്ഷം രൂപ
കണ്ണൂർ മാനേജർ ലോൺ – 6 ലക്ഷം രൂപ
ധനലക്ഷ്മി ബാങ്ക് വായ്പ – 50 ലക്ഷം രൂപ

ഇങ്ങിനെ വീക്ഷണത്തിൽ ആകെ കിട്ടിയ തുക 8 കോടി 30 ലക്ഷം രൂപ

ഇതിലൊന്നും പെടാത്ത സർക്കുലേഷൻ വരുമാനം ഏകദേശം 62 ലക്ഷം രൂപ

എന്നിട്ടും കടമാണെങ്കിൽ നേതാക്കളേ വീക്ഷണത്തിനകത്തു തന്നെ ആരോ കൈയിട്ടുവാരുന്നുണ്ട്. എന്നിട്ടും ജീവനക്കാർക്ക് ശമ്പള കുടിശിഖ എങ്ങനെ വന്നു. പ്രസുകളിൽ കുടിശിഖ എങ്ങനെ വന്നു. കോട്ടയം, കോല്ലം, കണ്ണൂർ എഡിഷനുകൾ പൂട്ടി. തൃശൂരിൽ പ്രിന്റിങ് മുടങ്ങി. വീക്ഷണത്തിൽ നടക്കുന്ന തൊഴിലാളി പീഡനങ്ങളും തൊഴിലാളി വിരുദ്ധ നടപടികളും വേറെ. ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ. വേജ്‌ബോർഡ് നടപ്പാക്കാത്ത ഒരു പത്ര സ്‌ഥാപനത്തിനു സർക്കാർ ഇത്രയും പണം നൽകിയത് എങ്ങനെ എന്നുള്ളതും അന്വേഷിക്കേണ്ടതാണ്.

വേജ് ബോർഡ് പോട്ടെ, ജീവനക്കാർക്ക് മാന്യമായി ശമ്പളം എങ്കിലും കൊടുക്കേണ്ടേ. എനിക്കും തരാറുണ്ട് പഴയ രണ്ടു മാസത്തെ ശമ്പളം. വിടില്ല ഞാൻ. ഞാൻ പണിയെടുത്ത കാശാണെങ്കിൽ വാങ്ങിയിട്ടേ പോകൂ. ഒരു കോൺഗ്രസ് കുടുംബത്തിൽ നിന്ന് വന്ന ആളായത് കൊണ്ടും ഓർമ്മ വച്ച കാലം മുതൽ കാണാനും വിശ്വസിക്കാനും തുടങ്ങിയ പ്രസ്‌ഥാനം ആയതു കൊണ്ടും മാത്രം നിയമ വഴിക്ക് പോയില്ല എന്ന് മാത്രം.

സ്നേഹത്തോടെ നിങ്ങളോടു ഒരു കാര്യം ചോദിക്കട്ടെ നേതാക്കളെ, നിങ്ങൾക്ക് പോയി തൂങ്ങി ചത്തൂടെ. ഒരു പത്രം പോലും മര്യാദയ്ക്ക് കൊണ്ട് നടക്കാൻ നിങ്ങൾക്ക് കഴിവില്ലേ. ഒരു പ്രൊഫഷണൽ മാനേജ്‌മെന്റിനെ അതേൽപ്പിക്കൂ. അതല്ലങ്കിൽ കൊള്ളാവുന്ന എത്രയോ നേതാക്കൾ ഉണ്ട്. ഇതിന്റെ മാത്രം ചുമതല നൽകി മാനേജ്‌മെന്റ് വൈദഗ്ധ്യം ഉള്ള ആരെയെങ്കിലും അതേൽപ്പിക്കൂ.

ഇനിയും പ്രവർത്തകരുടെയും പ്രസ്‌ഥാനത്തിന്റെയും ചോര നീര്കാകിയ പണം ഇങ്ങനെ കയ്യിട്ടു വാരാൻ ആരെയും അനുവദിക്കരുത്. അവിടെ ഒരു ശുദ്ധികലശം അനിവാര്യമാണ്. നേതാക്കൾക്ക് താത്പര്യമില്ലെങ്കിൽ പ്രവർത്തകർ സംഘടിച്ച് അത് ചെയ്യണം.

Related posts