രാമങ്കരി: കുട്ടനാട്ടിലെ രാമങ്കരി, പുളിങ്കുന്ന്, കാവാലം, ചന്പക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയതോടെ കുടിവെള്ളം മുട്ടി കുട്ടനാട്ടുകാർ. ദിവസവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ മണലാടി ജെട്ടി മുതൽ രാമങ്കരി ജെട്ടി വരെ നീളുന്ന റോഡ്, വെളിയനാട് കടത്തുകടവ് മുതൽ മൂലേശേരി വരെ നീളുന്ന റോഡ് എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ പൈപ്പുകളാണ് പൊട്ടി മാസങ്ങളായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.
പന്പിംഗില്ലാത്ത ദിവസങ്ങളിൽ പ്രദേശത്തെ ചെളി നിറഞ്ഞ വെള്ളം ഈ പൈപ്പുകളിലേക്ക് തിരിച്ചു കയറുകയും വീണ്ടും പന്പിംഗ് ആരംഭിക്കുന്പോൾ ഹൗസ് കണക്ഷനുകളിലുൾപ്പെടെ മലിനജലം വ്യാപിക്കുന്നതിനാൽ ഒരുതരത്തിലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്നും ഇവർ പറയുന്നു.
പുഞ്ചകൃഷിക്കുശേഷം പാടശേഖരങ്ങൾ തരിശുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വിളവെടുപ്പിനുശേഷമുള്ള വൈക്കോലും മറ്റും ചീഞ്ഞ് മലിനജലം വലിയ തൂന്പുകളിലൂടെയും മോട്ടോറിന്റെ പെട്ടിമടകളിലൂടെയും പുറത്തേക്കൊഴുകി പൊതുജലാശയങ്ങൾ മലിനപ്പെടുന്ന സ്ഥിതിയാണ്.
അതിനാൽ പൊതുജലാശയങ്ങളിലെ വെള്ളം പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു പോലും വെല്ലുവിളിയായിട്ടുണ്ട്.പൈപ്പുകളുടെ അറ്റുകുറ്റപ്പണിയും മറ്റും കാലങ്ങളായി വാട്ടർ അഥോറിറ്റി സ്വകാര്യ ഏജൻസികളെയാണ് ഏല്പിച്ചിരിക്കുന്നത്. ഇവർ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താറില്ലെന്നു മാത്രമല്ല, പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലും മാറ്റി സ്ഥാപിക്കാനും തയാറാകാറില്ല. ഇത് മിക്കയിടത്തും പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതിന് കാരണമാകുകയാണ്.
