തന്ത്രി നട അടച്ചു ! ഇനി ശബരിമലയില്‍ ശുദ്ധിക്രിയയ്ക്കു ശേഷം നട തുറക്കും ; എ പത്മകുമാര്‍ രാജി വയ്ക്കുമെന്ന് സൂചന; കനകദുര്‍ഗയും ബിന്ദുവും മലചവിട്ടിയതില്‍ ഭക്തരില്‍ പ്രതിഷേധം ശക്തം…

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്തെത്തിയതോടെ ഏറെനാള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്. യുവതികള്‍ ശബരിമലയില്‍ കയറിയെന്നതിന് മുഖ്യമന്ത്രിയുടെ വക സ്ഥിരീകരണമുണ്ടായി. യുവതികള്‍ കയറിയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായ സാഹചര്യത്തില്‍ തന്ത്രി നട അടച്ചു. ആചാര ലംഘനമുണ്ടായതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്തിയ ശേഷം മാത്രമേ നട തുറക്കൂ എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പോലും ഒരു സൂചനയും നല്‍കാതെ യുവതികളെ സന്നിധാനത്ത് എത്തിച്ചതില്‍ അമര്‍ഷം ശക്തമാണ്. യുവതി പ്രവേശനമുണ്ടായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ പത്മകുമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന.

ഇക്കാര്യം അടുത്ത സഹപ്രവര്‍ത്തകരെ പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രശ്നം കൈവിട്ടു പോകാതിരിക്കാന്‍ പത്മകുമാറിനെ അനുനയിപ്പിക്കാനാണ് നീക്കം.നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഇപ്പോള്‍ ശബരിമലയിലെത്തിയത്. ഇവരെ ആക്ടിവിസ്റ്റുകളെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരത്തെ വിളിച്ചത്. ഈ സാഹചര്യത്തിലാണ് എല്ലാം തീവ രഹസ്യമായി നടത്തിയത്. പൊലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഇതാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.

നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധം കാരണം ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. ഇത്തവണ പൊലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദുപറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ആരും അറിയാത്ത വിധം മുഖം മറച്ചാണ് ഇവര്‍ സന്നിധാനത്തേക്ക് പോയത്. മാധ്യമങ്ങളേയും അറിയിച്ചില്ല.

ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. പ്രത്യേക വിഐപി ലോഞ്ച് വഴി ഇവരെ പൊലീസ് എത്തിച്ചതും ദേവസ്വം ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്റ്റാഫുകള്‍ക്ക് കയറാനുള്ള വഴിയാണ് ഇത്. ഈ സാഹചര്യത്തിലാണ് രാജിയെന്ന നിലപാടിലേക്ക് പത്മകുമാര്‍ എത്തുന്നത്. അതിനിടെ യുവതികള്‍ അതീവ രഹസ്യമായി ദര്‍ശനം നടത്തിയത് ശബരിമലയെ വലിയ പ്രതിസന്ധിയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. യുവതികള്‍ പ്രവേശിക്കുന്നത് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ നട അടക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. അങ്ങനെ വന്നിരുന്നുവെങ്കില്‍ അനിശ്ചിത സമയത്തേക്ക് നട അടയ്ക്കേണ്ടി വരുമായിരുന്നു.

ഈ സാഹചര്യമാണ് ഒഴിവായത്. ഇനി സന്നിധാനത്ത് പതിവ് പരിഹാര ക്രിയകള്‍ നടത്തും. അതിന് ശേഷമാകും മറ്റ് ചടങ്ങുകളിലേക്ക് കടക്കുക. അതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പറയാന്‍ കഴിയൂ എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ‘യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ആചാരപരമായ കാര്യങ്ങള്‍ ചെയ്യും. ക്രിയനടത്താന്‍ വേണ്ടി നടയടക്കും.

ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്’, ശശികുമാര വര്‍മ്മ പറഞ്ഞു. ദേവസ്വം ബോര്‍ഡ് തന്ത്രിയെ കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിച്ചാല്‍ ഉടന്‍ ശുദ്ധിക്രിയ നടത്തും. അതേ സമയം ബിന്ദുവിന്റെയും,കനക ദുര്‍ഗ്ഗയുടെയും വീടുകള്‍ക്ക് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ വന്നാല്‍ സുരക്ഷയൊരുക്കാമെന്ന പൊലീസ് വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്. ആദ്യ ശ്രമത്തിനുശേഷം വീട്ടില്‍പോലും പോകാതെയാണ് ഇവര്‍ രണ്ടാംശ്രമത്തിന് ഒരുങ്ങിയത്. ആദിവാസി ദളിത് സംഘടനകളുടെ സുരക്ഷയിലായിരുന്നു ഇവര്‍ എത്തിയത്.

Related posts