കൊച്ചി: കേരളത്തെ തകര്‍ത്ത 2018ലെ പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രി ആയിരുന്ന മാത്യു ടി. തോമസ് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴല്‍ നാടന്റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ അദ്ദേഹം പുറത്തുവിട്ടു.
മാത്യു ടി. തോമസ് തോട്ടപ്പള്ളി സ്പില്‍വേ, സമയത്ത് തുറക്കാത്തത് കരിമണല്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായെന്നുമാണ് ആരോപണം. ജനസേചനവകുപ്പ് മന്ത്രിയുടെ പഴയകാല ശബ്ദസന്ദേശം എന്ന് അവകാശപ്പെട്ടാണ് മാത്യു കുഴല്നാടന് ശബ്ദരേഖ പുറത്തുവിട്ടത്. പ്രളയകാലത്ത് ജല സേചന വകുപ്പ് മന്ത്രിയായിരുന്നു കെ. കൃഷ്ണന്‍കുട്ടി.
ഡാം മാനേജ്മെന്റിനു വരെ പ്രശ്നങ്ങളുണ്ടായി. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി എന്നാണ് ശബ്ദരേഖയിലുള്ളത്. മാത്യു ടി. തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴല്നാടന് ആരോപിക്കുന്നത്.
കരിമണല്‍ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത്. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയില്‍ കൃഷ്ണന് കുട്ടി പറയുന്നു. ജോഷിയെന്ന് പറയുന്ന ചീഫ് എഞ്ചിനീയറും മാത്യു ടി. തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട എന്നാണ് കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയില്‍ പറയുന്നത്. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.
സ്വന്തം ലേഖിക
