കോട്ടയം: ചന്തക്കവലയിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അഞ്ജലി അജയ് ( 19 ) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അഞ്ജലി മരിച്ചത്. മാതാവ് മരിച്ചതിന് ശേഷം വലിയമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ചന്തക്കവലയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. നാഗമ്പടം സ്റ്റാൻഡിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലിസും ചേർന്നു പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
അമിതവേഗമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറയുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണു പരിക്കേറ്റതെന്ന് പൊലിസ് അറിയിച്ചു. ചാറ്റൽമഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലർ കയറി നിന്നതിനാൽ വൻദുരന്തം ഒഴിവായി. ബസ് വരുന്നതു കണ്ട് ചിലർ ഓടിമാറി.
അപകടത്തെത്തുടർന്ന് അരമണിക്കൂറോളം നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. ഡ്രൈവറും കണ്ടക്ടറും പൊലിസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ ഇത്തിത്താനം സുഭാഷ്ഭവനിൽ ശ്രീകുമാരി (54) മെഡിക്കൽ കോളജ് ആശുപത്രിയിലും മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും കൊല്ലാട് കലേഷ്ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി എ.കെ. സുനി (46) എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
