കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി. ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സെപ്റ്റംബറില്‍ തള്ളിയിരുന്നു. കേസിന്‍റെ വിചാരണ ഒക്ടോബര്‍ 15നാണ് ആരംഭിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് തടയണം. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന്‍ അനുവദിക്കരുത് എന്നതടക്കമായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാല്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും രഹസ്യ വിചാരണയുടെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചത്.
അതേസമയം, അഭിമന്യു കൊല്ലപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയാക്കാത്തതില്‍ ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിചാരണ നാലു മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
