പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിൽപെട്ട അണ്ണക്കുട്ടൻചാലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. തണ്ടേൽ വർക്കിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. വാഴകളും കമുകിൻ തൈകളും കാട്ടാനകൾ നശിപ്പിച്ചു.
വർക്കിയുടെ പറമ്പിൽ ആനക്കൂട്ടമിറങ്ങുന്നത് പതിവാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽ പെടുന്ന ഭാഗമാണിത്. വനത്തിൽ നിന്നും പെരുവണ്ണാമൂഴി അണക്കെട്ട് റിസർവോയർ നീന്തിക്കടന്നാണ് ആനക്കൂട്ടം കൃഷിയിടങ്ങളിലെത്തുന്നത്.
വനാതിർത്തിയിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളെല്ലാം കാലങ്ങളായി പ്രവർത്തന രഹിതമാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത് പ്രവൃത്തി ആരംഭിച്ച സോളാർ തൂക്കുവേലി സ്ഥാപിക്കൽ നിലച്ചിരിക്കുകയാണ്. കാരണമെന്തെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നില്ല.
സോളാർ തൂക്കുവേലി നിർമാണം കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കാൻ വനംവകുപ്പ് സത്വര നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനന്തടത്തിൽ ആവശ്യപ്പെട്ടു.
