ചായ്ബാസ (ജാർഖണ്ഡ്): ജാർഖണ്ഡിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഉന്നതതല നേതാവ് പതിറാം മാജി എന്ന അനൽ ദാ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമാണ് അനൽ ദാ. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ വനിതാ അംഗങ്ങളാണ്.
വ്യാഴാഴ്ച ആരംഭിച്ച “ഓപ്പറേഷൻ മേഘബുരു’ എന്ന സംയുക്ത നീക്കത്തിലൂടെയാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്. 209 കോബ്ര ബറ്റാലിയൻ, ചായ്ബാസ ജില്ലാ പോലീസ്, ജാർഖണ്ഡ് ജാഗ്വാർ എന്നിവർ ചേർന്നാണു തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ അനൽ ദാ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരച്ചിലിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണം 17 ആയി.
മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയിലെ പ്രമുഖനായിരുന്നു അനൽ ദാ. ജാർഖണ്ഡിൽ മാത്രം ഇയാൾക്കെതിരേ 149 കേസുകൾ നിലവിലുണ്ട്. വനമേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ ബസ്തർ മേഖലയിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. അർബൻ നക്സലിസം ശക്തി പ്രാപിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഛത്തീസ്ഗഡിൽ 47 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഒമ്പത് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുകയും ചെയ്തു. ഇതോടെ ഒഡീഷയിലെ നബരംഗ്പുർ ജില്ലയെ നക്സൽ വിരുദ്ധ ജില്ലയായി പ്രഖ്യാപിച്ചു. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ നിന്ന് ഇൻസാസ് റൈഫിളുകൾ, എസ്എൽആർ തോക്കുകൾ തുടങ്ങിയ ആയുധശേഖരവും സുരക്ഷാസേന പിടിച്ചെടുത്തു.
