തൊടുപുഴ: കഴിഞ്ഞ ദിവസം ഇടിമിന്നല്‍ ദുരന്തമുണ്ടായ തൊടുപുഴ ഉറവപ്പാറ മലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകൃതിയുടെ അതിമനോഹര ദൂരക്കാഴ്ചയും പ്രശാന്തതയും ഒത്തുചേര്‍ന്ന ഉറവപ്പാറ തൊടുപുഴയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണെങ്കിലും ഇവിടം സുരക്ഷിതമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇടിമിന്നലേറ്റ് പന്ത്രണ്ടുകാരി മരിക്കാനിടയായ ദാരുണസംഭവം.
ഉറവപ്പാറ മരങ്ങാലിപ്പാറയില് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റ് പെരുമ്പാവൂര്‍ മുണ്ടയ്ക്കല്‍ വടക്കനേതില്‍ അഫ്സലിന്റെ മകള്‍ നഫീസത്തുല്‍ മിസ്റിയ (12) മരിച്ചത്. അപകടത്തില്‍ പിതാവ് വി.എം. അഫ്സലിന് (39) ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തില്‍ തൊടുപുഴ മങ്ങാട്ടുകവല സ്വദേശിയായ ഗോകുല്‍ എസ്. രാജ് (26) എന്ന യുവാവിനും മിന്നലേറ്റങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഞ്ചാരികള്‍ക്കായി മതിയായ സുരക്ഷാ സംവിധാനങ്ങളോ അപകടമുന്നറിയിപ്പ് ബോര്‍ഡുകളോ നിരീക്ഷണകാമറകളോ ഇല്ലാത്തതാണ് ദുരന്തസാധ്യത വര്‍ധിപ്പിക്കുന്നത്.
മലയാള പഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നതും സമുദ്രനിരപ്പില്‍നിന്ന് 500 അടിയോളം ഉയരത്തിലുമാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഇതു പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ പ്രാദേശിക ഭരണകൂടവും ടൂറിസം വകുപ്പും കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് വസ്തുത. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വഴിവിളക്കുകളൊന്നും തെളിയാതായതോടെ വൈകുന്നേരങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് ദുരിതമാണ്. രാത്രിയായാല്‍ പലരും തപ്പിത്തടഞ്ഞാണ് തിരികെ നടന്നിറങ്ങുന്നത്.
രാത്രിയാകുന്നതോടെ മുള്ളന്‍പന്നി, കുറുക്കന്, കീരി, ഇഴജന്തുക്കള്‍ തുടങ്ങിയവയുടെ ഭീഷണിയുമുണ്ട്. ഈ ദുരവസ്ഥയെ തുടര്‍ന്ന് ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഴിവിളക്ക് സ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇത് ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളില്‍ മാത്രമായിരുന്നു.
മഴ പെയ്താല്‍ കൂറ്റന്പാറകളില് ചവിട്ടി തെന്നിവീഴാനും സാധ്യതയുണ്ട്.
ഇതിനു പുറമേ രാത്രികാലങ്ങളില്‍ മദ്യപാനികളടക്കമുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. പ്രദേശത്ത് പോലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. ഉറവപ്പാറയുടെ വികസനത്തിനായി ഓരോ വര്‍ഷവും നഗരസഭാ ബജറ്റില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലം ഒന്നും നടപ്പാകാറില്ല. വിവിധ ടൂറിസം പദ്ധതികള്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ഉറവപ്പാറയുടെ ദൃശ്യഭംഗി ആസ്വദിക്കാനായി ഒട്ടേറെപ്പേര്‍ ഇവിടെയെത്തുന്നുണ്ട്. പുലര്‍ച്ചെയും ഉച്ചയ്ക്കു ശേഷം വെയിലിന്റെ കാഠിന്യം കുറയുന്നതോടെയുമാണ് പലരും മലമുകളിലെത്തുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന മഴയും ഇടിമിന്നലും സന്ദര്‍ശകര്‍ക്ക് ഭീഷണിയാകാറുണ്ട്. എന്നാല്‍ ഈ സമയങ്ങളില്‍ ഇവിടെയെത്തുന്നവര്‍ക്ക് അപകട മുന്നറിയിപ്പു നല്കാന് യാതൊരു സംവിധാനവുമില്ല. കഴിഞ്ഞ ദിവസത്തെ അപകടത്തിനു ശേഷം വൈകുന്നേരങ്ങളില്‍ എത്തുന്നവര്‍ക്ക് നാട്ടുകാര്‍തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
