തൊടുപുഴ: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ അച്ഛനും മകനും പോലീസ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി വലിയപറമ്പില്‍ ബിജു(50), മകന് വിപിന്‍ ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെപ്പറ്റി അന്വേഷണം നടത്തിവരവേ കട്ടപ്പന പോലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് കാമാക്ഷി ബിജുവും മകന് വിപിനും ഒളിവിലാണെന്നുള്ള വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് ഇവര്‍ക്കായി അന്വേഷണം നടത്തിയത്.
തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വളയുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇവരെ സാഹസികമായി കീഴ്പ്പെടുത്തി.
കട്ടപ്പന, നെടുങ്കണ്ടം, ശാന്തന്‍പാറ, തങ്കമണി എന്നീ സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ അന്വേഷിച്ചുവരുന്ന പ്രതികളാണിവര്‍. കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷ്ടിച്ചതിന്റെ പേരില്‍ ബിജുവിനെതിരേ കേസുണ്ട്. ഇയാള്‍ ബൈക്ക് കടത്തിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.
പ്രതികള്‍ക്ക് എല്‍പി വാറണ്ട് ഉള്‍പ്പെടെ 12 വാറണ്ടുകള്‍ നിലവിലുണ്ട്. കാമാക്ഷി എസ്ഐ എന്ന പേരില്‍ അറിയപ്പെടുന്ന ബിജു നിരവധി കവര്‍ച്ചക്കേസുകളില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കട്ടപ്പന പോലീസ് പ്രതികള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ അജീഷ് ജോണ്‍, ഡിവൈഎസ്പി സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ഷംസുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബാബു, ഷാജഹാൻ, സിവിൽ പോലീസ് ഓഫീസർ മഹേഷ്, എസ്ഐ ബേബി ബിജു, എസ്സിപിഒ ജോബിൻ ജോസ്, സിപിഒമാരായ അഭിലാഷ്, വിജിൻ, കാമരാജ്, സുബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രതികളെ കട്ടപ്പന പോലീസിനു കൈമാറി. തൊടുപുഴ സ്റ്റേഷന് പരിധിയില്‍ നടന്ന മോഷണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നറിയാന്‍ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി പി.കെ. സാബു പറഞ്ഞു.
