കോന്നി: ജീവിച്ചിരിക്കുന്ന അറുപതുകാരനെ മരിച്ചയാളാക്കി രേഖപ്പെടുത്തി സാമൂഹിക പെന്ഷന് നടപടികളുടെ ഭാഗമായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് അയച്ച സംഭവം വീട്ടുകാരിലും നാട്ടുകാരിലും കൗതുകവും ഒപ്പം ആശങ്കയും പരത്തി.
പ്രമാടം പഞ്ചായത്ത് ഇളകൊള്ളൂര്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന മടൂര് മുരുപ്പേല്‍ ഗോപിനാഥന് നായര്‍ (60) എന്നയാളിനാണ് ഞെട്ടിക്കുന്ന കത്ത് ലഭിച്ചത്. സ്ഥിരമായി സാമൂഹിക പെന്ഷന് വാങ്ങുന്ന ഗോപിനാഥന് നായരുടെ നോമിനിയോട്, പെന്ഷന് നടപടികള്‍ക്കായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.
ഇന്നലെ കൈയില്‍ കിട്ടിയ കത്ത് തുറന്ന് വായിച്ചപ്പോഴാണ് താന്‍ മരിച്ചവനായി മാറിയ വിവരം ഗോപിനാഥന് നായര്‍ അറിഞ്ഞത്. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ, പഞ്ചായത്തിന്റെ രേഖാപിശകാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവിച്ചിരിക്കുന്ന ആളെ മരിച്ചെന്നു രേഖപ്പെടുത്തി കത്ത് അയച്ച സംഭവം ഭരണസംവിധാനത്തിലെ അശ്രദ്ധയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അതേസമയം, ഇനി മരിക്കാനേ ബാക്കിയുള്ളൂ എന്ന തമാശയോടെ ഗോപിനാഥന് നായര്‍ പ്രതികരിച്ചതും നാട്ടുകാര്‍ക്കിടയില്‍ ചിരിയുണര്‍ത്തി. പഞ്ചായത്ത് അധികൃതര്‍ സംഭവത്തില്‍ വിശദീകരണം നല്‍കുമെന്നും പിശക് തിരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
