ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ ഉണ്യാപള്ളത്ത് പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രം പുനരുദ്ധരിച്ച് പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്ഥാപനം നിലച്ചതോടെ പഞ്ചായത്തിലെ 3, 4, 5, 6, 13 വാർഡുകളിലെ ജനങ്ങളാണ് ചികിത്സാ സൗകര്യമില്ലാതെ വലയുന്നത്.
ലക്ഷങ്ങൾ ചെലവഴിച്ചു; പക്ഷേ തുറന്നില്ല
2018-ലെ പ്രളയത്തിനു ശേഷം സബ് സെന്ററിൽ ലക്ഷക്കണക്കിനു രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പഴയ ഭിത്തികൾ നിലനിർത്തി മേൽക്കൂരയിലെ അപാകതകൾ പരിഹരിക്കുകയും കേടായ ഓടുകൾ മാറുകയും സീലിംഗ് സ്ഥാപിക്കുകയും ചെയ്തു. തറയിൽ ടൈൽ പാകുകയും മുറ്റത്തേക്ക് ഷീറ്റ് ഇറക്കുകയും ചെയ്തെങ്കിലും തുടർപ്രവർത്തനങ്ങൾ മാത്രം നടന്നില്ല. നിലവിൽ എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയ നിലയിലാണ്.
സാമൂഹ്യവിരുദ്ധ ശല്യം
പ്രളയത്തിനു മുൻപ് ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനവും മരുന്നും ഇവിടെ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ നിസാര രോഗങ്ങൾക്കുപോലും മൂന്നു കിലോമീറ്റർ അകലെയുള്ള ഇരമല്ലിക്കര പിഎച്ച്സിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഏകദേശം 40 സെന്റ് സ്ഥലത്തോളം വരുന്ന കേന്ദ്രത്തിന് മതിയായ അടച്ചുറപ്പില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ജില്ലാ ആരോഗ്യ വകുപ്പിന്റെ രേഖകൾ പ്രകാരം ഈ സബ് സെന്റർ നിർത്തലാക്കിയിട്ടില്ല എന്നതാണ് വസ്തുത.
എംസിഎഫ് കേന്ദ്രം ഭീഷണിയാകുന്നു
ആരോഗ്യ കേന്ദ്രത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന എംസിഎഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നിലവിൽ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ മാലിന്യ ശേഖരണ കേന്ദ്രം കൃത്യമായി പരിപാലിക്കാത്തത് ആരോഗ്യ ഭീഷണിയുയർത്തുന്നു.
നാട്ടുകാരുടെ ആവശ്യങ്ങൾ
അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുക. എംസി എഫ് കേന്ദ്രം ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കുക. ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവൻവണ്ടൂർ പഞ്ചായത്ത് ഭരണസമിതിക്ക് നാട്ടുകാർ പരാതി നൽകി. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.
