സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന മേഖലയാണ് സിനിമ! അവര്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ട്! നടി പാര്‍വതിയ്ക്ക് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നടി പാര്‍വ്വതിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അപലപനീയമാണ്. സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച നടി പാര്‍വ്വതി കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഇത് തീര്‍ത്തും അപലപനീയമാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്നും തോമസ് ഐസക്.

ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് പാര്‍വ്വതിയ്ക്ക് നേരെ അധിക്ഷേപം ഉയരുന്നത്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല ‘; തോമസ് ഐസക് കുറിച്ചു.

സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related posts