ഇതില്‍ എന്തോ കലര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ് പ്രമോദ് ഗ്ലാസ് തട്ടിക്കളഞ്ഞത് ഷാജുവിനു രക്ഷയായി; വയനാട്ടില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയത് മദ്യത്തില്‍ കലര്‍ന്ന സയനൈഡോ ?

മക്കിയാട്: വിഷം കലര്‍ന്നെന്നു സംശയിക്കുന്ന മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.സംഭവത്തില്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട ഷാജു ഇപ്പോഴും പഴയ മാനസികാവസ്ഥയിലേക്ക് തിരികെയെത്തിയിട്ടില്ല. മദ്യം കഴിക്കുന്നതില്‍ നിന്നും ഷാജി രക്ഷപ്പെട്ടത് ഗ്ലാസില്‍ പകര്‍ന്ന മദ്യം മരണമടഞ്ഞ പ്രമോദ് തട്ടിക്കളഞ്ഞത് കൊണ്ടായിരുന്നു.അതേസമയം മദ്യം കഴിച്ച പ്രമോദും പ്രസാദും പിടയുന്നത് കണ്ട് ഷാജുവായിരുന്നു മറ്റുള്ളവരെ വിവരം അറിയിച്ചത്. വയനാട് വെള്ളമുണ്ട വാരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ പട്ടികജാതി കോളനിയിലെ തിക്നായി(65), മകന്‍ പ്രമോദ്(32), തിക്നായിയുടെ സഹോദരിയുടെ മകന്‍ പ്രസാദ്(36) എന്നിവരാണ് വിഷം കലര്‍ന്നതെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് മരിച്ചത്.

മന്ത്രവാദചികിത്സ നടത്താറുള്ള ആളാണ് തിക്നായി. ചികിത്സയ്ക്കായി ബുധനാഴ്ച മാനന്തവാടിയില്‍ നിന്നെത്തിയവര്‍ നല്‍കിയ മദ്യം കഴിച്ചാണ് മുവരുടേയും മരണം. മദ്യം കഴിച്ച പിന്നാലെ തിക്നായി ആദ്യം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്ന് കരുതി ബന്ധുക്കള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ തിക്നായിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ തിക്‌നായി കഴിച്ച അതേ കുപ്പിയിലെ അവശേഷിച്ച മദ്യം പ്രമോദും പ്രസാദും കഴിക്കുകയും ഇരുവരും കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.

തിക്‌നായിയുടെ സഹോദരീപുത്രനാണ് പ്രസാദ്. തിക്‌നായിയുടെ മൃതദേഹം ആശുപത്രിയില്‍നിന്നു വീട്ടിലെത്തിച്ചശേഷം അവശേഷിച്ച മദ്യവുമായി പ്രമോദും പ്രസാദും പ്രസാദിന്റെ വീട്ടിലാണ് മദ്യപിക്കാന്‍ എത്തിയത്. അവിടെവച്ച് ഇവരുടെ മറ്റൊരു ബന്ധുവായ ഷാജുവും ഒപ്പംകൂടി. രണ്ടു ഗ്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ പ്രമോദും പ്രസാദും ആദ്യം തന്നെ കുടിച്ചു. എന്നാല്‍ മദ്യം അകത്തുചെന്നയുടന്‍ തന്നെ പ്രമോദ് ഇതു കഴിക്കരുത്, ഇതില്‍ എന്തോ കലര്‍ത്തിയിട്ടുണ്ടെന്നു പറഞ്ഞ് ഒരു ഗ്ലാസിലെ മദ്യം തട്ടിക്കളഞ്ഞതിനാലാണ് ഷാജുവിന് കുടിക്കാന്‍ കഴിയാതെ പോയത്.

എന്നാല്‍ അതിനോടകം പ്രമോദ് രണ്ടു ഗ്ലാസ് മദ്യം അകത്താക്കിയിരുന്നു. രണ്ടു പേരും പിടയുന്നതു കണ്ട ഷാജു ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തിക്‌നായിക്ക് കിട്ടിയ മദ്യം എവിടെ നിന്നാണെന്ന അന്വേഷണത്തിലാണ് പോലീസ്. തലേന്ന് സജിത്കുമാര്‍ എന്നയാളാണ് പൂജ നടത്താന്‍ മദ്യവുമായി തിക്‌നായിയുടെ അരികില്‍ എത്തിയത്. മകള്‍ക്കു ചരടുകെട്ടി പൂജ നടത്താന്‍ കൂട്ടുകാരന്‍ സന്തോഷിനെയും കൂട്ടിയായിരുന്നു ഇവര്‍ എത്തിയത്. മന്ത്രവാദത്തിന്റെ ഭാഗമായതിനാല്‍ പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കുന്ന പതിവുണ്ട്.

മന്ത്രവാദത്തിന് മദ്യം വാങ്ങാന്‍ കൂട്ടുകാരന്‍ സന്തോഷിനെയാണ് സജിത്കുമാര്‍ ഏല്‍പ്പിച്ചത്. ഞായറാഴ്ചയും ഒന്നാംതീയതിയും ഗാന്ധിജയന്തിയും അടുപ്പിച്ച് വന്നതിനാല്‍ പട്ടാളക്കാരുടെ ക്വോട്ടയില്‍ എവിടെനിന്നെങ്കിലും മദ്യം കിട്ടുമോ എന്നായിരുന്നു ഇവര്‍ അന്വേഷിച്ചത്. തുടര്‍ന്ന സന്തോഷ് ആയിരുന്നു മദ്യം സംഘടിപ്പിച്ചത്. കൊണ്ടുവന്നപ്പോള്‍ തന്നെ 375 മില്ലി മദ്യകുപ്പിയുടെ അടപ്പ് തുറന്നിരുന്നതായിരുന്നു എന്ന് വിവരമുണ്ട്.

കൊടിയവിഷമായ സയനൈഡ് മദ്യത്തില്‍ കലര്‍ന്നിട്ടുണ്ടാകാമെന്നാണു നിഗമനം. മൃതദേഹങ്ങള്‍ കണ്ണ് തള്ളിയനിലയിലാണെന്നതു സയനൈഡ് ഉള്ളില്‍ച്ചെന്നതിന്റെ തെളിവായാണ് അന്വേഷണസംഘം കാണുന്നത്. മദ്യത്തിന്റെ സാംപിള്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബിലേക്കു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എവിടെ നിന്നാണ് മദ്യം സംഘടിപ്പിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം തികിനായിയെ കൊലപ്പെടുത്താന്‍ വൈരാഗ്യമുള്ള ശത്രുക്കള്‍ ആരുമില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. തിക്‌നായിയുടെ വീട്ടില്‍ മന്ത്രവാദത്തിനെത്തിയ എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Related posts