കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിനെതിരേ മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്കി. വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നും അപ്പീല്‍ തീര്‍പ്പാകുംവരെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണു ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ വരുമാനം കണക്കാക്കിയതില്‍ വലിയ പിഴവുകള്‍ വരുത്തിയെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഹര്ജിക്കാരന് 2003-2007 കാലയളവില്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. വരുമാനസ്രോതസുകള്‍ പലതും അന്വേഷണസംഘം പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി അതു റദ്ദാക്കിയിരുന്നു. തുടരന്വേഷണത്തില്‍ ശേഖരിച്ച രേഖകള്‍ പരിഗണിക്കാമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം രേഖകള്‍ പരിഗണനയ്ക്കെടുത്തില്ല. അന്വേഷണ ഉദ്യോഗസ്ഥന് സ്വത്ത് കണക്കാക്കാന്‍ സ്വീകരിച്ച രീതി തെറ്റാണെന്നും കുറ്റപത്രത്തില്‍ ഇതു വ്യക്തമാക്കുന്നില്ലെന്നും അപ്പീലില്‍ പറയുന്നു.
ചങ്ങനാശേരിയിലെ 55 സെന്റ് ഭൂമി 50 ലക്ഷം രൂപയ്ക്കു വിറ്റത് വരുമാനമായി കണക്കാക്കാതെ, അതില്‍ മൂന്നിലൊന്നു ഭാഗം മാത്രമാണ് കോടതി പരിഗണിച്ചത്. വസ്തു വിറ്റ തുക ബാങ്ക് അക്കൗണ്ടില്‍ എത്തിയതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടും കോടതി അത് അവഗണിച്ചു. വാടകയിനത്തില്‍ ലഭിച്ച യഥാര്‍ഥ വരുമാനം കണക്കിലെടുത്തില്ലെന്നും അധിക ശിക്ഷയാണു നല്‍കിയതെന്നും അപ്പീൽ ഹര്‍ജിയില്‍ പറയുന്നു.
ആലപ്പുഴ രാമങ്കരി സ്വദേശികളായ കരുവേലിത്തറ ബോബി കുരുവിളയും അലക്സാണ്ടര്‍ കുരുവിളയും നീണ്ട 36 വര്‍ഷം നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ് മുൻ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് രാമങ്കരി പൊലിസ് സ്റ്റേഷന് മുതല്‍ സുപ്രീംകോടതി വരെ ഈ സഹോദരങ്ങള്‍ക്കു പോകേണ്ടിവന്നു. 36 വര്‍ഷവും നാലു മാസവും നീണ്ട നിയമ പോരാട്ടത്തിന് ഏകദേശം ഒരുകോടി രൂപയോളം ചെലവായതായി ഇരുവരും പറഞ്ഞു.
ടോമിന് തച്ചങ്കരി ആലപ്പുഴ എഎസ്പിയായിരിക്കേ രാമങ്കരിയിലെ കരുവേലിത്തറ കുടുംബവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായും ഈ കുടുംബത്തെ നിരന്തരമായി അനധികൃതമായ കേസുകളിലൂടെയും മറ്റും ദ്രോഹിച്ചിരുന്നതായും ബോബി കുരുവിളയും അലക്സാണ്ടറും പറയുന്നു. കൊടുംകുറ്റവാളിയായി മുദ്രകുത്തപ്പെട്ട കുട്ടനാട്ടിലെ പുളിംകുന്നു സ്വദേശി ശിവജിയെ പിടികൂടുന്നതിനായി രൂപികരിച്ച സ്പെഷ്യൽസ്ക്വാഡിലെ പോലീസുകാരെ ഉപയോഗിച്ച് തങ്ങളുടെ വീടുകളിൽ നിരന്തരം റെയ്ഡ് നടത്തിയതുൾപ്പെടെയുള്ള ദുരനുഭവങ്ങളാണിവർ ചൂണ്ടിക്കാട്ടുന്നത്. ജയിൽ മോചിതനായ ശിവജിയിപ്പോൾ പാലക്കാട്ട് മകളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതായാണറിയുന്നത്.
പൊലി സിലെ ഉന്നത സ്ഥാനങ്ങളിലിരുന്ന് അഴിമതിയും സ്വത്തുസമ്പാദനവും നടത്തിയെന്ന വ്യാപക പരാതികള്‍ തച്ചങ്കരിക്കെതിരേ ഉയര്‍ന്നതോടെ ബോബിയും അലക്സാണ്ടറും ടോമിന് തച്ചങ്കരി നടത്തിയ അഴിമതിയും മറ്റും അന്വേഷിക്കാനും കേസുകള്‍ നല്‍കാനും ആരംഭിച്ചു. ഉന്നത പദവിയിലിരിക്കേ അധികാരം ഉപയോഗിച്ച് ദ്രോഹിക്കപ്പെട്ട ആളുകളെ നേരില്‍ പോയി കണ്ടു. അവര്‍ പരാതി നല്കാന് മടിച്ചെങ്കിലും ഇവര്‍ പരാതിയുമായി വിജിലന്‍സിലേക്കും മറ്റും നീങ്ങി. എറണാകുളത്തും വാഗമണ്ണിലും ബംഗളൂരിലുമൊക്കെ അനധികൃതമായി സമ്പാദിച്ച സ്വത്തുകളുടെ വിവരങ്ങളും പൊലി സ് ഡിപ്പാര്‍ട്ട്മെന്റിലും വിവിധ വകുപ്പുകളിലും നടത്തിയ തട്ടിപ്പുകളുടെ രേഖകളും സമ്പാദിച്ചു. പോലീസിലെ നല്ലവരായ ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്കു ലഭിച്ചു.
2003- 2007 കാലയളവില്‍ തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കേയാണ് ഏറ്റവും കൂടുതല്‍ അനധികൃത സമ്പാദനം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാലയളവു വച്ചുള്ള പരാതി വിജിലന്‍സില്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പരാതി നല്കിയ കരുവേലിത്തറ സഹോദരങ്ങളെ വിവിധ മേഖലകളിലുള്ളവരെ സ്വാധീനിച്ച് പിന്തിരിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും അവർ ഒരിഞ്ചു പുറകോട്ടു പോയില്ല. ഏറ്റവും ഒടുവില്‍ വിജിലന്‍സ് കോടതി വിധിയില്‍ ശിക്ഷ ഇളവ് ലഭിച്ച് അപ്പീല്‍ നേടുവാനുള്ള ശ്രമവും ഈ സഹോദരങ്ങളുടെ നിയമപരമായ ഇടപെടലിലൂടെയാണ് മാറിയത്.
തച്ചങ്കരിക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും അധികാര തലത്തിലിരിക്കുന്ന നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഒരു പാഠമാണ് ശിക്ഷയെന്നും ബോബിയും അലക്സാണ്ടറും പറഞ്ഞു. ആരും നിയമത്തിനതീതമല്ലെന്നും ഇവിടത്തെ കോടതികള്‍ ശരിയായ നിയമസംഹിതകള്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നതാണെന്നും കോടതികളില്‍നിന്നും യഥാര്‍ഥമായ നീതി ലഭിക്കുമെന്നും ബോബിയും അലക്സാണ്ടറും ദീപികയോടു പറഞ്ഞു.
