പത്തനംതിട്ട: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ അന്വേഷണം നടത്താമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികൾ അടക്കം ചേർത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേർത്ത് എജിയാണ് നിയമോപദേശം നൽകിയത്. ഇതോടെ സർക്കാർ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
