ഒരു വിദേശ വിനോദ സഞ്ചാരിയുടെ വെളിപ്പെടുത്തലുകളാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്റെ യാത്രയിൽ തന്നെ അത്ഭതപ്പെടുത്തിയ പത്ത് കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. ഞാൻ ഇന്ത്യയിൽ പ്രതീക്ഷിക്കാത്ത 10 കാര്യങ്ങൾ, എന്ന തലക്കെട്ടാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയ്ക്ക് നല്കിയിരുന്നത്.
മിയ എന്ന യുവതിയാണ് ഇന്ത്യയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഇവിടുത്തെ യാത്രാ സൗകര്യങ്ങളെക്കുറിച്ചും വാചാലയാകുന്നത്. ഗോവയിലെ ഒരു യോഗ ക്ലാസിന് ശേഷം പങ്കുവെച്ച ഈ വീഡിയോയിൽ പ്രധാനമായും പത്ത് കാര്യങ്ങളാണ് അവർ എടുത്തുപറയുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ വലിയ എണ്ണം തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഹോസ്റ്റലുകളിൽ വെച്ച് കണ്ടുമുട്ടിയ ഇന്ത്യക്കാരുമായി പെട്ടെന്ന് സൗഹൃദത്തിലാകാൻ കഴിഞ്ഞുവെന്നും മിയ പറയുന്നു. റെസ്റ്റോറന്റുകളിൽ കൈകഴുകാനായി സിങ്കും സോപ്പും നിർബന്ധമായും കാണുന്നതും, ചൈനീസ് ഭക്ഷണത്തിന് പുറമെ മികച്ച ഇസ്രായേലി വിഭവങ്ങളായ ഷക്ഷുക്കയും ഹമ്മസും എല്ലായിടത്തും ലഭ്യമാകുന്നതും മിയയെ ആശ്ചര്യപ്പെടുത്തി.
കുഞ്ഞുങ്ങളുടെ കണ്ണിൽ കണ്മഷി എഴുതുന്നത് കേവലം അലങ്കാരത്തിനപ്പുറം കണ്ണേറ് തട്ടാതിരിക്കാനാണെന്ന തിരിച്ചറിവും മിയ പങ്കുവെക്കുന്നുണ്ട്. ഇന്ത്യക്കാരുടെ മികച്ച ഇംഗ്ലീഷ് പരിജ്ഞാനം ആളുകളുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കിയെന്നും മിയ പറഞ്ഞു.
ഗ്രാമങ്ങളിൽ പോലും ഉബർ പോലുള്ള ടാക്സി സേവനങ്ങളും വിവിധ ഡെലിവറി ആപ്പുകളും ലഭ്യമാകുന്നത് സൗകര്യപ്രദമാണെങ്കിലും, വ്യാജ പനീറിനെയും കുടിവെള്ളത്തെയും കുറിച്ച് യാത്രികർ ജാഗ്രത പാലിക്കണമെന്നും മിയ ഓർമ്മിപ്പിക്കുന്നു.
ടിക് ടോക്ക് നിരോധനം തന്റെ യാത്രയെ ബാധിച്ചില്ലെന്നും എന്നാൽ ട്രെയിൻ ടിക്കറ്റുകൾ വേഗത്തിൽ തീരുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു. ഒടുവിൽ, താൻ ഇന്ത്യയെ പ്രണയിക്കുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അത് ഒട്ടും അത്ഭുതകരമായ കാര്യമല്ലെന്നും പറഞ്ഞുകൊണ്ടാണ് മിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.ഇന്ത്യയിലെ യോഗ ക്ലാസുകൾക്കും പ്രാദേശിക സൗഹൃദങ്ങൾക്കും മിയ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഗോവയിലെ ബീച്ചിലിരുന്ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി സഞ്ചാരികൾ ഏറ്റെടുത്തു കഴിഞ്ഞു.
