സ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ചു ! പ്രകോപിതരായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു…

സ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ച യുവാവിനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊന്നു.രാമനഗര സ്വദേശിയായ രാജേന്ദ്രകുമാര്‍( 32) ആണ് മരിച്ചത്. ബെംഗളൂരു നൈസ് റോഡില്‍ കഴിഞ്ഞ 14ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയാണ്. തുടക്കത്തില്‍ വാഹനാപകടം എന്നായിരുന്നു പോലീസ് വിചാരിച്ചത്.

തുടര്‍ന്ന് നടത്തിയ മൃതദേഹ പരിശോധനയില്‍ യുവാവിന് മര്‍ദ്ദനമേറ്റതായി കണ്ടെത്തിയതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നൈസ് റോഡിന് സമീപത്ത് താമസിച്ചുവരുന്ന ദേവി എന്ന അശോക് കുമാര്‍ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുള്‍ ( 31) എന്നിവര്‍ പിടിയിലായി.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യാജേന തങ്ങളുടെ പ്രദേശത്ത് രാജേന്ദ്രകുമാര്‍ ഭിക്ഷയാചിച്ചതാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രകുമാര്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന തൊഴില്‍തേടിയാണ് 20 ദിവസംമുമ്പ് ബംഗളൂരുവിലെത്തിയത്.

തുടര്‍ന്ന് സ്ത്രീവേഷം കെട്ടി ഭിക്ഷയാചിക്കുന്ന സംഘത്തോടൊപ്പം ഇയാള്‍ ചേരുകയായിരുന്നു. നൈസ് റോഡിന് സമീപം ഭിക്ഷയാചിക്കുന്നത് പ്രദേശത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരത്തേ വിലക്കിയിരുന്നു. തങ്ങളുടെ വരുമാനം കുറയുന്നതാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ ഇത് അനുസരിക്കാതിരുന്ന രാജേന്ദ്രകുമാര്‍ ഭിക്ഷ യാചിക്കുന്നത് തുടരുകയായിരുന്നു. ഇതു കണ്ട ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇയാളെ ബലമായി പിടികൂടി തങ്ങളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിഗ്ഗ് ഇളകിവന്നതോടെ സ്ത്രീവേഷം കെട്ടിയത് പുരുഷനാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവര്‍ ഇയാളെ മര്‍ദിച്ചു.

ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രകുമാര്‍ പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. പിന്നീട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ മൃതദേഹം നൈസ് റോഡിന് സമീപത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. രാജേന്ദ്രകുമാറിനൊപ്പം സ്ത്രീവേഷംകെട്ടി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഭിക്ഷയാചിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment