ആക്രിക്കടയിലെ ആ പഴയ ഇരുമ്പു പെട്ടി തുറന്ന പോലീസുകാര്‍ ഞെട്ടി; മാലകള്‍, വളകള്‍,പാദസ്വരങ്ങള്‍ അങ്ങനെ അനവധി സ്വര്‍ണാഭരണങ്ങള്‍ നിറഞ്ഞ നിധി

കണ്ണൂര്‍: പഴകിയ സാധനങ്ങള്‍ ആക്രിക്കാരനു വില്‍ക്കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍ പലപ്പോഴും വിലപിടിപ്പുള്ള പലതും ആക്രിസാധനങ്ങള്‍ക്കിടയില്‍ പെട്ട് നഷ്ടമാകാറുണ്ട്. ഇവിടെയും സംഭവിച്ചത് അങ്ങനെയാണ്. കാണാതായ ഏഴു വളകള്‍ക്കു വേണ്ടി നടത്തിയ തിരച്ചിലാണ് നഷ്ടപ്പെട്ട നിധി കണ്ടെത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അങ്ങനെ ആക്രിക്കട പരിശോധിച്ച പോലീസുകാര്‍ കണ്ടെടുത്തത് ഒന്നും രണ്ടുമല്ല 75 പവന്‍. മൂന്നു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നാണ് കണ്ണപുരം പോലീസിനു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പരാതി ലഭിക്കുന്നത്.

പരിയാരത്തെ പുതിയ വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലെ മിക്ക സാധനങ്ങളും അങ്ങോട്ടു മാറ്റിയിരുന്നു. മൂന്നു പേരിലൊരാള്‍ ഞായറാഴ്ച വൈകിട്ടു പഴയ വീട്ടിലെത്തി ബാക്കി സാധനങ്ങള്‍ ആക്രിക്കാരനു കൊടുത്തു. ആക്രിക്കാരന്‍ പോയ ശേഷമാണു വീട്ടിലുണ്ടായിരുന്ന ഏഴു സ്വര്‍ണവളകള്‍ കാണാനില്ലെന്നു മനസ്സിലായത്. കൂട്ടത്തിലെ മുതിര്‍ന്ന സ്ത്രീയാണ് വളകള്‍ സൂക്ഷിച്ചിരുന്നത്. മൂന്നുപേരും കൂടി വീട് അരിച്ചുപെറുക്കിയെങ്കിലും വള മാത്രം കിട്ടിയില്ല. അതോടെ സംശയം ആക്രിക്കാരനിലേക്ക് നീണ്ടു. തുടര്‍ന്ന് ബന്ധുവഴി പോലീസിനെ അറിയിക്കുകയായിരുന്നു.

കണ്ണപുരം റെയില്‍വേ സ്‌റ്റേഷനു സമീപം തമിഴ്‌നാട് സ്വദേശിയുടെ ആക്രിക്കട ഉടന്‍ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്നു പരിയാരത്തെ പുതിയ വീട്ടിലെത്തി പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. കണ്ണപുരത്തെ മറ്റ് ആക്രിക്കടകളിലും പുലര്‍ച്ചെ തന്നെ പരിശോധന നടത്തി. ഒരു കടയില്‍ കുന്നുകൂടിക്കിടക്കുന്ന സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടപ്പോള്‍ വീട്ടിലെ പഴയ ഇരുമ്പുപെട്ടി കണ്ടു. തുറന്നു നോക്കിയവര്‍ ഞെട്ടിപ്പോയി: വളയും മാലയും പാദസരവും കമ്മലുമൊക്കെയായി ഇഷ്ടം പോലെ സ്വര്‍ണം. ഒപ്പം നാല്‍പതിനായിരം രൂപയും. കൂട്ടത്തിലെ മുതിര്‍ന്ന സ്ത്രീ കള്ളന്മാരെ പേടിച്ച് ഇരുമ്പുപെട്ടിയില്‍ അടച്ചു സൂക്ഷിച്ചവയായിരുന്നു ഈ പണവും പണ്ടവും. എന്നാല്‍ പെട്ടിയില്‍ ഇതൊക്കെ ഉണ്ടെന്നറിയാതെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് ആക്രിക്കാരന് പെട്ടി വില്‍ക്കുകയായിരുന്നു. എന്തായാലും ആക്രിക്കാരന്‍ പെട്ടി തുറന്നു നോക്കാഞ്ഞതു കൊണ്ട് പണവും പണ്ടവും മുഴുവന്‍ കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

 

Related posts