റോം: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണമെന്ന് വത്തിക്കാൻ അറിയിച്ചു. സമാധാനത്തിനായി ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുകയും നയതന്ത്ര ഇടപെടലുകൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു.
യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും റഷ്യയുടെ കസ്റ്റഡിയിലുള്ള യുക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എടുത്തുപറഞ്ഞു. അഞ്ചു മാസം മുന്പും സെലൻസ്കി കസ്തേൽ ഗണ്ടോൾഫോയിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
