ബുലവായൊ: ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്ക് എതിരേ ഇന്ത്യക്കു ജയം. മഴയും ഇടിമിന്നലും മൂലം തടസപ്പെട്ട മത്സരത്തില്‍, ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ജയം. സ്കോര്‍: അമേരിക്ക 35.2 ഓവറില്‍ 107. ഇന്ത്യ 17.2 ഓവറില്‍ 99/4.
ഹെനില്‍ ആക്രമണം
ടോസ് നേടിയ ഇന്ത്യ അണ്ടര്‍ 19 ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ ഹെനില്‍ പട്ടേല്‍ റണ്‍ വഴങ്ങാതെ വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ വംശജരാല്‍ തിങ്ങിനിറഞ്ഞ അമേരിക്കന്‍ ടീമിന്റെ ടോപ് സ്കോറര്‍ നിതീഷ് സുധിനിയായിരുന്നു, 52 പന്തില്‍ 36 റണ്‍സ്. ഏഴാം നമ്പറായാണ് നിതീഷ് ക്രീസില്‍ എത്തിയത്. ഏഴ് ഓവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനില്‍ പട്ടേലാണ് അമേരിക്കയെ തകര്‍ത്തത്. പ്ലെയര്‍ ഓഫ് ദ മാച്ചും ഹെനിലാണ്.
മഴയും ഇടിമിന്നലിനുംശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം 37 ഓവറില്‍ 96 ആക്കി. വെടിക്കെട്ട് ബാറ്ററായ വൈഭവ് സൂര്യവംശിയുടെ (2) വിക്കറ്റ് റിത്വിക് അപ്പിഡി തെറിപ്പിച്ചു. വേദാന്ത് ത്രിവേദി (2), വിഹാന് മല്‍ഹോത്ര (18), ആയുഷ് മാത്രെ (19) എന്നിവരും വേഗത്തില്‍ മടങ്ങി. 41 പന്തില്‍ 42 റണ്‍സ് നേടിയ അഭിഗ്യാന്‍ കുണ്ഡുവും 14 പന്തില്‍ 10 റണ്‍സ് നേടിയ കനിഷ്ക ചൗഹാനും പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു.
