വൈക്കം: കൈയാങ്കളിയിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ബന്ധുക്കളായ ഇരുവിഭാഗങ്ങൾ ആശുപത്രിയിൽ വീണ്ടും ഏറ്റുമുട്ടിയത് ഭീതി പരത്തി. ചെമ്മനത്തുകരയിൽ കൈയാങ്കളിയിൽ പരിക്കേറ്റ് എത്തിയവരാണ് ആശുപത്രിയിൽ ഏറ്റുമുട്ടിയത്.ചൊവ്വാഴ്ച രാത്രി 11.45ഓടെയായിരുന്നു അക്രമ സംഭവമുണ്ടായത്.
അസഭ്യവർഷവും ഏറ്റുമുട്ടലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം കടന്നു കളഞ്ഞു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി. പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്ന് അക്രമികളെക്കുറിച്ച് സൂചന ലഭിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചെമ്മനത്തുകരയിൽ ചൊവ്വാഴ്ച രാത്രി 9.30ന് ബന്ധുക്കളായ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായി. തുടർന്ന് ചെമ്മനത്തുകര സ്വദേശിയായ 81കാരൻ, 18 വയസുവീതം പ്രായമുള്ള രണ്ടു യുവാക്കൾ, പതിമൂന്നുകാരിയടക്കം മൂന്നു സ്ത്രീകൾ തുടങ്ങി എട്ടുപേർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 11.45ന് അത്യാഹിത വിഭാഗത്തിൽ ഇവർ തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
അക്രമികൾക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ രാത്രികാലങ്ങളിൽ പോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി എത്തുന്നില്ല. അക്രമസംഭവങ്ങൾ പതിവായ ആശുപത്രിയിൽ അധികൃതരുടെയും ചികിത്സ തേടിയെത്തുന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
