സമ്മാനം നോക്കാതെ ലോട്ടറി ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ പാലോട് സ്വദേശിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ ! ചുരുട്ടിയെറിഞ്ഞ ടിക്കറ്റുമായി സുഹൃത്ത് മുങ്ങി; ഹൃദയത്തിനു തകരാറുള്ള മകളുടെ ചികിത്സയ്ക്ക് ഇനി എന്തു ചെയ്യുമെന്നറിയാതെ നിര്‍ഭാഗ്യവാനായ ചുമട്ടു തൊഴിലാളി…

പാലോട്: തേടിയെത്തുന്ന മഹാലക്ഷ്മിയെ പുറംകാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുകയെന്നു കേട്ടില്ലില്ലേ. എതാണ്ട് അതുപോലൊരു അവസ്ഥയിലാണ് പാലോട് സ്വദേശി അജിലു ഇപ്പോള്‍. ഒന്നും രണ്ടും സമ്മാനങ്ങള്‍ നോക്കാതെ ചെറിയ സമ്മാനത്തുകകള്‍ മാത്രം നോക്കിയ ശേഷം ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞ ഇയാള്‍ക്ക് നഷ്ടമായത് 10 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം അടിച്ചത് ് ഇയാളെടുത്ത ടിക്കറ്റിനാണെന്ന് മനസ്സിലാക്കിയ സുഹൃത്ത് ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി ടിക്കറ്റെടുത്ത് മുങ്ങുകയുമായിരുന്നു.

തുടര്‍ന്ന് ടിക്കറ്റിന്റെ ഉടമ പാലോട് സി.ഐ.ക്ക് പരാതി നല്‍കി. പാലോട്, പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയില്‍ അജിലുവാണ് ഭാഗ്യം കടാക്ഷിച്ചിട്ടും ദൗര്‍ഭാഗ്യവാനായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ ലോട്ടറി (കെ.എക്‌സ്.819582)യുടെ രണ്ടാം സമ്മാനം അജിലുവിന്റെ കൈയിലുണ്ടായിരുന്ന ലോട്ടറിക്കാണ് ലഭിച്ചത്. ലോട്ടറി ഫലം സ്വന്തമായി നോക്കിയ അജിലു ആദ്യ രണ്ടു സമ്മാനങ്ങള്‍ ഒഴികെയുള്ള സമ്മാനങ്ങളെല്ലാം നോക്കിയശേഷം ടിക്കറ്റ് റോഡരികില്‍ വലിച്ചെറിയുകയായിരുന്നു. ഉറ്റസുഹൃത്തും അയല്‍വാസിയുമായ അനീഷ് കൃഷ്ണന്‍ ഫോണില്‍ വിളിച്ച് ലോട്ടറി എന്തു ചെയ്‌തെന്നു ചോദിച്ചപ്പോള്‍ അജിലു അറിഞ്ഞില്ല തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന്.

ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം ഉറ്റസുഹൃത്തിനോട് പറയുകയും ചെയ്തു. റോഡരികില്‍നിന്നും ടിക്കറ്റ് സ്വന്തമാക്കിയ അനീഷ് അത് തന്റേതെന്നു സ്ഥാപിക്കാനും ശ്രമിച്ചു. തുടര്‍ന്ന് അനീഷ് ഉപേക്ഷിച്ച ടിക്കറ്റ് കളഞ്ഞതിനു സമീപത്തുള്ള ബാങ്കിന്റെ സി.സി.ടി.വിയില്‍ അനീഷ് ഇവിടെനിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഒന്നുതന്നെയാണെന്നു തെളിഞ്ഞു.ഇതോടെ അനീഷുമായി മധ്യസ്ഥര്‍ സംസാരിച്ചപ്പോള്‍ സമ്മാനത്തിന്റെ പകുതി നല്‍കാമെന്നു സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി.

ഞായറാഴ്ച വൈകുന്നേരം മുതല്‍ അനീഷിനെ കാണാതെയുമായി. തുടര്‍ന്ന് അജിലു പാലോട് പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ എത്താന്‍ അനീഷിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ സ്റ്റേഷനിലെത്തിയില്ല. അഞ്ചര വയസ്സ് മാത്രം പ്രായമുള്ള മകളുടെ ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്ക് ആഴ്ചയില്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നുപോകേണ്ട അവസ്ഥയാണ് അജിലുവിന്. ചുമട്ടുത്തൊഴിലാളിയാണ് അജിലു.

Related posts