വാടാനപ്പള്ളി: ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളിക്കുളം നന്പിക്കടവ് ദിക്റ് പള്ളിക്കു സമീപം അരവുശ്ശേരി നൂർദീന്റെ മകൾ അഷിത(27)യാണു മരിച്ചത്.
ശനിയാഴ്ച സന്ധ്യക്കാണ് ഭർത്താവ് കാട്ടൂർ മംഗലത്ത് മുഹമ്മദ് ആസിഫ് അഷിതയെ വെട്ടി പരിക്കേൽപ്പിച്ചത്. കുഞ്ഞിനെ കാണാൻ ബന്ധുക്കളുമായി ഭാര്യവീട്ടിൽ എത്തിയ ആസിഫ് ഭാര്യയെയും ഭാര്യാപിതാവ് നൂർദീനെയും (55) ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി നിആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഷിത ഇന്നലെ വൈകുന്നേരം മരിച്ചു.
അഷിതയും ആസിഫും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. 20 ദിവസം മുൻപ് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും കാണാൻ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം നന്പിക്കടവിലെ വീട്ടിൽ എത്തിയതായിരുന്നു ആസിഫ്.
ബന്ധുക്കൾ വീട്ടിൽനിന്നിറങ്ങിയതിനു പിന്നാലെ നിലവിളികേട്ട് തിരിച്ചെത്തിയപ്പോഴാണ് ആക്രമണവിവരം അറിഞ്ഞത്.
ഭാര്യയുമായുള്ള തർക്കത്തിനിടെ ആസിഫ് ബാഗിൽ കരുതിയിരുന്ന വാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ അഷിതയുടെ ഇടതുകൈ അറ്റു തൂങ്ങാറായ നിലയിലായിരുന്നു.
നൂർദീൻ അപകടനില തരണംചെയ്തു. പ്രതിയെ പിടികൂടാൻ വലപ്പാട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ വിരലടയാള വിദഗ്ധരും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഉച്ചയോടെ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെ നേതൃത്വത്തിലും സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തി.
പ്രതി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് പറയുന്നു. പ്രതിയെ പിടികൂടാൻ ബീച്ച് പ്രദേശങ്ങളിലെ കാടുപിടിച്ച പ്രദേശങ്ങളിൽ വിവിധ സംഘങ്ങളായി തെരച്ചിൽ തുടരുകയാണ്.
അഷിതയുടെ മാതാവ്: നസീമ, സഹോദരി: ഹസ്ന. മക്കൾ: അലി അക്ബർ, 20 ദിവസം പ്രായമുള്ള ആണ്കുട്ടി.