ഇനിയും നമ്മെ സന്തോഷിപ്പിക്കാന്‍ അവന്‍ വയലിനെടുത്ത് വരും! ബാലുവിനെയും ലക്ഷ്മിയെയും തിരിച്ചുകൊണ്ടുവരണം; വയലിനിസ്റ്റ് ബാലഭാസ്‌കറിനായി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് ഗായകന്‍ വിധു പ്രതാപ്

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും നില ഗുരുതരമായി തുടരുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഗായകന്‍ വിധു പ്രതാപ് രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു വിധുവിന്റെ അഭ്യര്‍ത്ഥന.

ബാലു വയലിനെടുത്ത് നമ്മെ സന്തോഷിപ്പിക്കാന്‍ വരുമെന്ന് പ്രതീക്ഷിക്കാമെന്നും വിധു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അപകടം നടന്നയന്ന് രാവിലെ താനയച്ച വോയ്‌സ് ക്ലിപ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും അതിനിനി പ്രസക്തിയില്ലെന്നും വിധു കൂട്ടിച്ചേര്‍ത്തു.

വിധു പ്രതാപിന്റെ വാക്കുകള്‍ ഇങ്ങനെ…

അപകടം നടന്നയന്ന് രാവിലെ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേക്ക് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു. ഏഴ് മണിക്ക് ആശുപത്രിയിലെത്തിയതിന് ശേഷമാണ് ആ മെസേജ് അയച്ചത്. അതിപ്പോഴും പ്രചരിക്കപ്പെടുകയാണ്.

നിരവധി ഗ്രൂപ്പുകളില്‍ നിന്ന് ഇപ്പോഴും എനിക്കത് ലഭിക്കുന്നുണ്ട്. സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേര്‍ ചോദിക്കുന്നു.

ആ വോയ്‌സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതില്‍ പറഞ്ഞ സര്‍ജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ്.

നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാന്‍ ബാലു വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ പ്രാര്‍ഥനയാണ് വേണ്ടത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുവയസ്സുള്ള മകള്‍ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts